പോയിന്റ് തലപ്പത്ത് പോരാട്ടം മുറുക്കാനുള്ള അസുലഭ അവസരം കൈവിട്ട് ഗോകുലം കേരള നെറോക്കയോട് തോൽവി വഴങ്ങി. നെറോക്കയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയർ വിജയം കാണുകയായിരുന്നു. സ്വീഡൻ ഫെർണാണ്ടസ്, കസിമോവ് എന്നിവർ നെറോക്കക് വേണ്ടി വല കുലുക്കിയപ്പോൾ ഗോകലത്തിന്റെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ബോബ അമിനോ നേടി. രണ്ടാം സ്ഥാനത്ത് റൗണ്ട്ഗ്ലാസ് പഞ്ചാബ് പോയിന്റ് നഷ്ടപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് ഗോകുലം തോൽവി വഴങ്ങിയത്. ഇരുവരും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏഴായി തുടരുകയാണ്.
മത്സരത്തിന്റെ പതിനൊന്നാം മിനിൽ തന്നെ ഗോൾ നേടി കൊണ്ട് മികച്ച തുടക്കമാണ് നെറോക്ക കുറിച്ചത്. കാമോ ബായി നൽകിയ പാസ് സ്വീകരിച്ചു ബോക്സിനകത്തു നിന്നും സ്വീഡൻ ഫെർണാണ്ടസ് ഗോൾ നേടുകയായിരുന്നു. ഇരുപതാം മിനിറ്റിൽ മെന്റിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ഗോകുലത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ കസിമോവിന്റെ മികച്ചൊരു ഫ്രീകിക്ക് തടുത്തു കൊണ്ട് ഷിബിൻ ടീമിന്റെ രക്ഷകനായി. എന്നാൽ തൊട്ടു പിറകെ അറുപത്തിമൂന്നാം മിനിറ്റിൽ കസിമോവിന്റെ മികച്ചൊരു നീക്കം ഗോളിൽ കലാശിച്ചു. എഴുപതിയേഴാം മിനിറ്റിൽ ഗോകലത്തിന്റെ ഗോൾ എത്തി. നൗഫലിന്റെ ക്രോസിൽ ഷോട്ട് ഉതിർത്ത് അമിനു ടീമിന്റെ തിരിച്ചു വരവിന് പ്രതീക്ഷ നൽകി. പിന്നീട് നൂറിന്റെ ഒരു ഫ്രീകിക്ക് എതിർ കീപ്പർ തടുത്തു. എട്ടു മിനിറ്റ് ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ വികാസിന്റെ ക്രോസിൽ നിന്നും മെന്റിയുടെ ഷോട്ട് പുറത്തേക്ക് പോയി. ഇതോടെ സമനില നേടാനുള്ള ഗോകുലത്തിന്റെ അവസാന ശ്രമങ്ങളും വിഫലമായി.