കഴിഞ്ഞ സീസണിൽ ഗോകുലം എഫ് സിയുടെ താരമായിരുന്ന മുഹമ്മദ് ഇർഷാദ് വീണ്ടും കേരള ക്ലബിലേക്ക് തിരികെ എത്തി. ഈ സീസൺ ആരംഭത്തിൽ ഐ-ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് ഇർഷാദിനെ സ്വന്തമാക്കിയിരുന്നു. എന്നാൽ അവിടെ ഇർഷാദിന് അവസരങ്ങൾ കിട്ടിയില്ല. രണ്ട് പരിക്കുകൾ ആണ് ഇർഷാദിന് മിനേർവയിൽ വിനയായത്. പരിക്ക് മാറിയപ്പോൾ ആദ്യ ഇലവനിൽ എത്താനും താരത്തിനായില്ല.
മിനേർവയിൽ പോകാനുള്ള തീരുമാനം തെറ്റായി പോയെന്ന് ഗോകുലവുമായി കരാർ ഒപ്പിട്ട ശേഷം ഇർഷാദ് പറഞ്ന്നു. ഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളിലും ഗോകുലം എഫ്.സിയെ നയിച്ച താരമായിരുന്നു ഇർഷാദ്. മിഡ്ഫീൽഡർ ആണെങ്കിലും കഴിഞ്ഞ സീസണിൽ അധികവും റൈറ്റ് ബാക്കിന്റെ റോളിൽ ആയിരുന്നു ഇർഷാദ് കളിച്ചത്.
തിരൂർ സാറ്റ് അക്കാഡമിയിലൂടെ വളർന്നു വന്ന ഇർഷാദ് സാറ്റിനായി കേരള പ്രീമിയർ ലീഗിൽ അടക്കം നിരവധി ടൂർണമെന്റുകളിൽ മുമ്പ് കളിച്ചിട്ടുണ്ട്. സർവീസസിന് വേണ്ടിയും മഹാരാഷ്ട്രയ്ക്ക് വേണ്ടും സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയൻസ്, ഫത്തേഹ് ഹൈദരാബാദ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 2015 നാഷണൽ ഗെയിംസിൽ മഹാരാഷ്ടയ്ക്ക് വേണ്ടി കളിച്ച് ടോപ്സ്കോറർ പട്ടം സ്വന്തമാക്കിയ താരമാണ് ഈ തിരൂരുകാരൻ.