മെഹ്താബ് ഹുസൈനെ ബഗാൻ അവഗണിച്ചു, ആരോസിന്റെ കുട്ടികൾ നെഞ്ചിലേറ്റി

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇന്ത്യൻ കണ്ട ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളുമായ മെഹ്താബ് ഹുസൈന് ഇന്നലെ കൊൽക്കത്തയിലെ അവസാന മത്സരമായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ അവസാനമായി ഇറങ്ങിയ മെഹ്താബിന് ഇന്നലെ ഓർമ്മിക്കാൻ ഉള്ള നല്ലൊരു ദിവസമായിരുന്നില്ല. മെഹ്താബിനെ ക്യാപ്റ്റനാക്കിയാണ് മോഹൻ ബഗാൻ ഇന്നലെ ഇറങ്ങിയത് എങ്കിലും ആരോസിന്റെ കയ്യിൽ നിന്ന് വലിയ പരാജയം ബഗാൻ ഇന്നലെ നേരിട്ടു.

ഇതിൽ നിരാശയിലായ മോഹൻ ബഗാൻ താരങ്ങളും പരിശീലക സ്റ്റാഫുകളും ഫൈനൽ വിസിൽ വന്ന ഉടനെ ഗ്രൗണ്ട് വിട്ടു. ഗ്രൗണ്ടിൽ കാണികൾക്ക് മുന്നിൽ ഏകനായി മെഹ്താബ് ഹുസൈൻ മാത്രം. തന്റെ അവസാന മത്സരത്തിൽ കാണികളോട് വിട പറയാൻ ഒറ്റയ്ക്ക് നിരാശയോടെ നിന്ന മെഹ്താബിനെ ആശ്വസിപ്പിക്കാൻ എത്തിയത് ഇന്ത്യൻ ആരോസിന്റെ കുട്ടികൾ ആയിരുന്നു. ഇന്ത്യയുടെ ഭാവി താരങ്ങളായ ആരോസിന്റെ രാഹുൽ കെ പി അടക്കമുള്ള സംഘം മെഹ്താബിനെ കൂട്ടി സ്റ്റേഡിയം ചുറ്റുകയും. താരത്തെ ആകാശത്തേക്ക് ഉയർത്തി വിരമിക്കൽ ആഘോഷമാക്കി മാറ്റുകയും ചെയ്തു.

എന്നാൽ ബഗാൻ താരങ്ങളുടെ മെഹ്താബിനെ അവഗണിക്കാനുള്ള തീരുമാനം ആരാധകർക്ക് ഇടയിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർക്കാണ് ഇത്തരമൊരു നിരാശ ഗ്രൗണ്ടിൽ നേരിടേണ്ടി വന്നത്. താരങ്ങൾ ഗ്രൗണ്ട് വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ പരിശീലകൻ ഖാലിദ് ജമീലും തയ്യാറായില്ല.

Previous articleകേരള ബ്ലാസ്റ്റേഴ്‌സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കലാശപ്പോരാട്ടം, ആദ്യ ഇലവനറിയാം
Next articleചുവപ്പ് കാർഡ് വാങ്ങി നോർത്ത് ഈസ്റ്റ്, എന്നിട്ടും ഗോൾ നേടാനാവാതെ കേരള ബ്ലാസ്റ്റേഴ്സ്