ജൂനിയർ ലീഗ്; മൂന്നിൽ മൂന്നും ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തകർപ്പൻ വിജയം കൂടെ. ഇന്ന് പ്ലേ ഓഫിലെ ഗ്രൂപ്പ് എയിൽ നടന്ന അവസാന പോരാട്ടത്തിൽ രാമൺ സ്പോർട്സ് അക്കാദമിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്‌. ഇന്നത്തെ മത്സരത്തിൽ സൊരം സംഗയും മുഹമ്മദ് ഐമനുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെയും രണ്ടാം മത്സരത്തിൽ ധൻബാദ് അക്കാദമിയെയും തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഗ്രൂപ്പിൽ ഒന്നാമതായി തന്നെ ഫിനിഷ് ചെയ്തു. മൂന്ന് മത്സരങ്ങളിൽ നിന്നായി ഒമ്പതു പോയന്റാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഫൈനൽ റൗണ്ടിലേക്ക് കഴിഞ്ഞ വിജയത്തോടെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് കടന്നിരുന്നു.