കേരള ബ്ലാസ്റ്റേഴ്സ് വിട്ട ജിതിൻ എം എസ് ഇനി ഗോകുലം കേരള എഫ് സിയിൽ

- Advertisement -

കേരളത്തിലെ മികച്ച യുവതാരങ്ങളിൽ ഒന്നായ ജിതിൻ എം സിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിതിൻ അവസരങ്ങൾ കുറഞ്ഞതിനാൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. കേരളത്തിനായി സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ ജിതിനെ മറ്റു ക്ലബുകൾ സ്വന്തമാക്കുന്നതിന് ടീമിൽ എത്തിച്ച് മികവു കാട്ടാൻ ഗോകുലം കേരള എഫ് സി മാനേജ്മെന്റിനായി.

മുമ്പ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്നു ജിതിൻ എം എസ്. അതിനു പിന്നാലെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജിതിനെ സ്വന്തമാക്കിയത്. പക്ഷെ ജിതിന് ഒരിക്കൽ പോലും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിൽ അവസരം കിട്ടിയില്ല.

കഴിഞ്ഞ സീസണിൽ ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിലേക്ക് ലോണിൽ അയച്ചിരുന്ന താരം അവിടെയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബെംഗളൂരുവിൽ അഞ്ചു മത്സരങ്ങൾ കളിച്ച ജിതിൻ നാലു ഗോളുകൾ അവിടെ നേടി. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ബെംഗളൂരു എഫ് സിക്ക് എതിരെ ഉൾപ്പെടെ ജിതിൻ ഗോൾ സ്കോർ ചെയ്തിരുന്നു.
2017-18ലെ സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു. കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായിരുന്ന ജിതിൻ എം എസ് കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും എഫ് സി കേരളയ്ക്കായി മികച്ച പ്രകടനം മുമ്പ് കാഴ്ചവെച്ചിരുന്നു. എഫ് സി കേരളയിൽ നിന്നാണ് ജിതിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

Advertisement