ഐ ലീഗ് മത്സരങ്ങൾ മുഴുവൻ മത്സരങ്ങളും സംപ്രേഷണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ച സ്റ്റാർ സ്പോർട്സിനെതിരെ ഐ ലീഗ് ക്ലബുകളുടെയും ഫുട്ബോൾ ആരാധകരുടെയും പ്രതിഷേധം ഫലം കാണുന്നു. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഐ ലീഗ് മത്സരങ്ങൾ ഫേസ്ബുക് വഴി സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്യുന്നത്.
സ്റ്റാർ സ്പോർട്സിന്റെ പുതിയ ഷെഡ്യൂൾ പ്രകാരം നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിന്റെ 10 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് നിലവിൽ ടെലിവിഷൻ സംപ്രേഷണത്തിന് തിരഞ്ഞെടുത്തത്. അതിൽ അവരുടെ ഒരു ഹോം മത്സരം പോലും ഇല്ല എന്നതും ശ്രദ്ധേയമാണ്. അതെ സമയം കൊൽക്കത്ത ഭീമന്മാരായ മോഹൻ ബഗാന്റെ മുഴുവൻ മത്സരങ്ങളും സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നു.
ഡിസംബർ 29 മുതലുള്ള 26 മത്സരങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്യുകയെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചത്. ഇത് പ്രകാരം ഐ ലീഗിൽ ഉള്ള 110 മത്സരങ്ങളിൽ വെറും 80 എണ്ണം മാത്രമായിരിക്കും സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യുക. ഇതിനെതിരെ ഐ ലീഗ് ക്ലബ്ബുകളും ഇന്ത്യൻ ഫുട്ബോൾ ആരാധകരും രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് മത്സരങ്ങൾ ഫേസ്ബുക്കിൽ സംപ്രേഷണം ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അന്വേഷിക്കുന്നത്.