ഐ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകന് ഗോകുലത്തിൽ പുതിയ കരാർ

20210417 183230
- Advertisement -

കോഴിക്കോട്, ഏപ്രിൽ 17 : ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസെയുമായിട്ടുള്ള കരാർ പുതുക്കി. ഇതോടെ അടുത്ത സീസണിൽ ഇറ്റലി സ്വദേശിയായ കോച്ച് ഗോകുലത്തിൽ തുടരും.

“ഗോകുലം കുടുംബത്തിൽ തുടരുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ഈ പ്രാവശ്യം നമ്മൾക്ക് ഐ ലീഗ് ഡിഫൻഡ് ചെയുകയും എ ഫ് സി കപ്പിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യണം,” വിൻസെൻസോ പറഞ്ഞു.

കഴിഞ്ഞ വര്ഷം ഗോകുലത്തിൽ ചേർന്ന വിൻസെൻസോ, ഗോകുലത്തിൽ വ്യത്യസ്തമായ ആക്രമണ ഫുട്ബോളാണ് കളിപ്പിച്ചത്. 15 കളികളിൽ ഒമ്പതും വിജയിച്ച ഗോകുലം, ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമാണ്.

ഐ ലീഗ് വിജയത്തോടെ കേരളത്തിൽ നിന്നും ആദ്യമായ് എ എഫ് സി കപ്പ് യോഗ്യത നേടുന്ന ടീമായി മാറി ഗോകുലം.

“ഗോകുലത്തിന്റെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ച ഹെഡ് കോച്ചിന് അടുത്ത കൊല്ലവും ഇവിടെ തുടരുവാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്. അദ്ദേഹത്തിന് എ എഫ് സി കളിക്കുവാൻ ഞങ്ങളുടെ ഏവരുടെയും പിന്തുണ ഉണ്ടായിരിക്കുന്നതാണ്,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

“കേരള ഫുട്ബോളിനും, ഗോകുലത്തിനും വളരെയേറെ സന്തോഷം നൽകുന്ന ഒരു തീരുമാനമാണ് കരാർ പുതുക്കൽ. ഈ തീരുമാനത്തെ പിന്തുണച്ച ചെയർമാൻ ഗോകുലം ഗോപാലൻ സാറിനും , പ്രസിഡന്റ് പ്രവീൺ സാറിനും എന്റെ നന്ദി പറയുന്നു.

“ഗോകുലം കേരള എഫ് സി വിൻസെൻസോയുമായ് ചേർന്നിട്ടു വരുന്ന സീസണിലും കേരള ഫുട്ബോളിന് പുതിയ നേട്ടങ്ങൾ കൈവരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു,” ബി അശോക് കുമാർ, ഗോകുലം കേരള എഫ് സി, സി ഇ ഒ പറഞ്ഞു.

Advertisement