ഐ ലീഗിൽ ഗോൾ മഴ പെയ്ത മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തി ശ്രീനിധി ഡെക്കാൻ വിജയം നേടി. രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ വീണതടക്കം മികച്ച നിമിഷങ്ങൾ സാക്ഷിയായ മത്സരത്തിൽ തുടക്കത്തിൽ പിറകിൽ നിന്ന ശേഷമാണ് ശ്രീനിധി നിർണായക വിജയം പൊരുതി നേടിയത്. അവരുടെ തുടർച്ചയായ നാലാം വിജയം കൂടിയാണ് ഇത്. മലയാളി താരം ഫസലുറഹ്മാൻ ഒരിക്കൽ കൂടി ഗോൾ കണ്ടെത്തി എങ്കിലും മുഹമ്മദൻസിന്റെ തോൽവി ഒഴിവാക്കാൻ ആയില്ല. ശ്രീനിധി രണ്ടാമതും മുഹമ്മദൻസ് ആറാമതും ആണ് പോയിന്റ് പട്ടികയിൽ ഉള്ളത്.
ഹൈദരാബാദിൽ ആദ്യ മിനിറ്റുകളിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ഇരുപതിയാറാം മിനിറ്റിൽ സെർബിയൻ താരം നിക്കോള സ്റ്റോയനോവിച്ചിന്റെ ഇടംകാലൻ ഷോട്ടിൽ മുഹമ്മദൻസ് ആദ്യ ഗോൾ നേടി. മുപ്പത്തിനാലാം മിനിറ്റിൽ ഫസലുറഹ്മാന്റെ ഗോളിൽ സന്ദർശകർ ലീഡ് ഉയർത്തി. ആദ്യ പകുതി അവസാനിക്കാൻ ഇരിക്കെ ശ്രീനിധി ആദ്യമായി മത്സരത്തിലേക്ക് തിരിച്ചു വരുന്ന സൂചനകൾ നൽകി. ഫയ്സൽ ഷയെസ്തെയുടെ ഫ്രീകിക്ക് തടസമെത്തുമില്ലാതെ വലയിൽ എത്തിയപ്പോൾ ആതിഥേയർ മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തുകയായിരുന്നു. എന്നാൽ ആറുപതിയാറാം മിനിറ്റിൽ മുഹമ്മദൻസ് വീണ്ടും ലീഡ് വർധിപ്പിച്ചു. ഫയാസ് ഇത്തവണ ഗോൾ കണ്ടെത്തിയത്. പിന്നീട് വർദ്ധിത വീര്യത്തോടെ മത്സരത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിധി ഡെക്കാനെ ആണ് കളത്തിൽ കണ്ടത്.
എഴുപതാം മിനിറ്റിൽ മുഹമ്മദ് അവലിന്റെ വോളിയിലൂടെ ഒരു ഗോൾ മടക്കിയ ശ്രീനിധി, ഒരു മിനിറ്റിന് ശേഷം ഡേവിഡ് കസ്റ്റാന്യെഡയുടെ ഹെഡറിലൂടെ സമനില പിടിച്ചു. എൺപതാം മിനിറ്റിൽ മത്സരത്തിന്റെ ചിത്രം പൂർണമായി മാറ്റിക്കൊണ്ട് ആതിഥേയർ വിജയ ഗോൾ നേടി. സമനില ഗോളിന്റെ ആവർത്തനമെന്നോണം ഫയ്സൽ ഷയെസ്തെയുടെ ഫ്രീകിക്കിൽ തല വെച്ച് ഡേവിഡ് കസ്റ്റാന്യെഡ തന്നെയാണ് വിജയ ഗോളും നേടിയത്.