ഐ ലീഗ് കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മലബാറിയന്‍സ് ഇന്ന് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ നേരിടും. ഐ ലീഗിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഗോകുലം കേരളം ജയം തുടരാനുറച്ചുതന്നെയാണ് ബൂട്ടുകെട്ടുന്നത്. ആദ്യ ഘട്ടത്തിലെ ഗോകുലം കേരളയുടെ അവസാന മത്സരവും പഞ്ചാബിനെതിരേയായിരുന്നു. ഈ മത്സരത്തിന്റെ 3-1 ന്റെ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഗോകുലത്തിനുണ്ട്. ഐ ലീഗിൽ തുടർച്ചയായി 17 മത്സരത്തിൽ അപരാജിതരായ ചർച്ചിൽ ബ്രദേഴ്സിൻ്റെ റെക്കോർഡിനൊപ്പമാണ് ഗോകുലം ഇപ്പോഴുള്ളത്. ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ ഐ ലീഗിൽ ഏറ്റവും കൂടുതൽ കളികളിൽ അപരാജരതരായി നിൽക്കുന്ന ടീമെന്ന നേട്ടം മലബാറിയൻ സിൻ്റെ പേരിലാകും.
നിലവില്‍ 12 മത്സരത്തില്‍നിന്ന് 30 പോയിന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസുമായി നാല് പോയിൻ്റിൻ്റെ വിത്യാസമുണ്ട് ഗോകുലത്തിന്.
മുന്നേറ്റത്തില്‍ ലൂക്കയും ഫ്‌ളച്ചറും മികച്ച ഫോമിലാണ്. പ്രതിരോധ നിരയില്‍ കളിക്കുന്ന അമിനോ ബൗബയും ഫോം കണ്ടെത്തിക്കഴിഞ്ഞു. അവസാന മത്സരത്തില്‍ ഗോള്‍ നേടിയ ബൗബ തന്നെയായിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദമാച്ച്. മുന്നേറ്റത്തിലേതുപോലെ പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഗോകുലം കേരള നടത്തുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് കല്യാണി സ്‌റ്റേഡിയത്തിലാണ് പഞ്ചാബിനെതിരേയുള്ള മത്സരം.