വമ്പൻ സൈനിംഗിന് ഒരുങ്ങി ഗോകുലം കേരള എഫ് സി, നൈജീരിയൻ താരം ഒഗു ഇന്ത്യയിൽ എത്തും

നൈജീരിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ വിശ്വസിക്കാം എങ്കിൽ ഗോകുലം കേരള എഫ് സി ഒരു വമ്പൻ സൈനിംഗ് പൂർത്തിയാക്കുന്നതിന് അടുത്താണ്. നൈജീരിയയുടെ മധ്യനിര താരം ജോൺ ഒഗുവാണ് ഗോകുലം കേരള എഫ് സിയിലേക്ക് എത്തുന്നത്. താരത്തെ ഗോകുലം മൂന്നി വർഷത്തെ കരാറിൽ സ്വന്തമാക്കും എന്ന് റിപ്പോർട്ട് ചെയ്യുന്നത് നൈജീരിയൻ മാധ്യമമായ സോക്കർനെറ്റ് ആണ്. ഇപ്പോൾ ഒഗു ഫ്രീ ഏജന്റാണ്.

മെഡിക്കൽ പൂർത്തിയാക്കിയാൽ ഉടൻ ഈ സൈനിംഗ് പ്രഖ്യാപനം വരും എന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ആഫ്രിക്കൻ നാഷൺസ് കപ്പിൽ നൈജീരിയക്ക് വേണ്ടി കളിച്ച താരമാണ് ഒഗു. നൈജീരിയക്ക് വേണ്ടി 25ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. അവസാന അഞ്ചു വർഷങ്ങളായി ഇസ്രായേൽ ലീഗിൽ ആയിരുന്നു ഒഗു കളിച്ചത്. ഇസ്രായേൽ ക്ലബായ ഹാപോൾ ബീർ ഷേവയുമായി കരാർ അവസാനിച്ചതോടെയാണ് താരം ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചത്.

ഇസ്രായേലിൽ മൂന്ന് തവണ ലീഗ് കിരീടവും രണ്ട് തവണ ഇസ്രായേൽ സൂപ്പർ കപ്പും താരം നേടിയിരുന്നു. ഈ സൈനിംഗ് നടക്കുകയാണെങ്കിൽ ഗോകുലം കേരള എഫ് സി അതിശക്തരായി മാറും. മാർക്കസ്, കിസേക, ബ്രൂണോ പെല്ലിസേരി എന്നിവരൊക്കെ ഇപ്പോൾ തന്നെ ഗോകുലത്തോടൊപ്പം ഉണ്ട്. ഒഗു കൂടെ വന്നാൽ ഐ ലീഗിലെ തന്നെ മികച്ച വിദേശ താരങ്ങളുടെ നിരയായി ഗോകുലം മാറും.