ഷെരീഫ് മുഹമ്മദ് ഗോകുലത്തിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട് മെയ് 28 : ഗോകുലം കേരള എഫ് സി അഫ്ഘാൻ വിദേശതാരം ഷെരീഫ് മുഹമ്മദിന്റെ കരാർ ഒരു വർഷത്തേക്കു നീട്ടി.

കഴിഞ്ഞ വർഷത്തെ ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തിൽ പ്രധാന പങ്ക്‌ വഹിച്ച കളിക്കാരനായിരിന്നു ഷെരീഫ് മുഹമ്മദ്. മധ്യനിരയിൽ കളിച്ച ഷെരീഫ് ഗോകുലത്തിനു വേണ്ടി നാല് ഗോളുകൾ നേടുകയും ഏറ്റവും കൂടുതൽ പാസുകൾ (799) നൽകുകയും ചെയ്തു.

അവസാന മത്സരത്തിൽ ട്രാവു എഫ് സിക്ക് എതിരെ ഷെരീഫ് നേടിയ ഫ്രീകിക്ക് ആയിരിന്നു ഗോകുലത്തിന്റെ കിരീടധാരണത്തിനു വഴിവെച്ചത്.

റഷ്യൻ പ്രീമിയർ ലീഗ്, സ്വീഡൻ, മാൽദ്വീപ്സ്, എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുമായിട്ടാണ് 31 വയസ്സുള്ള ഷെരീഫ് ഗോകുലത്തിൽ കഴിഞ്ഞ വര്ഷം എത്തുന്നത്. മിഡ്‌ഫീൽഡറായിട്ടും, പ്രതിരോധത്തിലും കളിക്കുവാൻ പറ്റുന്ന കളിക്കാരനാണ് ഷെരീഫ്.

റഷ്യയിൽ ജനിച്ച ഷെരീഫ്, ഏഴാം വയസ്സിൽ അൻസിയ മക്കാചക്കാല എന്ന ക്ലബ്ബിന്റെ അക്കാഡമിയിൽ ചേർന്നു. പിന്നീട് റഷ്യൻ പ്രീമിയർ ലീഗിൽ അൻസിയക്ക് വേണ്ടി ഷെരിഫ് അരങ്ങേറ്റം കുറിച്ചു. അഞ്ചു വര്ഷം അൻസിയിൽ കളിച്ച ഷെരീഫ്, റോബർട്ടോ കാർലോസ്, സാമുവേൽ എറ്റോ, വില്ലിയൻ എന്നീ കളിക്കാരുടെ കൂടെ കളിച്ചു.

പിന്നീട് സ്വീഡനിലും മാൽദ്വീപ്‌സിലും കളിച്ച ഷെരീഫ്, മാസിയ എന്ന ക്ലബിന് വേണ്ടി എ എഫ് സി കപ്പ് കളിക്കുകയും ചെയ്തു. അഫ്ഘാനിസ്ഥാൻ നാഷണൽ ടീമിലെ സ്ഥിരം കളിക്കാരനാണ് ഷെരീഫ്. ഇപ്പോൾ അഫ്ഘാനിസ്ഥാൻ ടീം ക്യാമ്പിന്റെ കൂടെ ദുബായിലാണ്.

“അടുത്ത സീസണിലും ഗോകുലത്തിനു വേണ്ടി കളിക്കുവാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. കൂടുതൽ ട്രോഫികൾ നേടണം എന്നാണ് ഞങ്ങളുടെ ലക്‌ഷ്യം,” ഷെരീഫ് മുഹമ്മദ് പറഞ്ഞു.

“ഷെരീഫ് വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്. അദ്ദേഹത്തിന്റെ കളി മികവ് ഗോകുലത്തിനു എ എഫ് സി കപ്പിന് വളരെയധികം പ്രയോജനപ്പെടുന്നതാണ്,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

“കഴിഞ്ഞ വർഷത്തെ പോലെ ഈ കൊല്ലവും കേരളത്തിലേക്ക് കിരീടം കൊണ്ടുവരണം എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. ഷെരീഫിന്റെ കഴിവ് നമ്മൾ എല്ലാവരും കഴിഞ്ഞ സീസണിൽ കണ്ടതാണ്. ഇതേപോലെ താരങ്ങളെയാണ് ഗോകുലത്തിനു ആവശ്യം,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.