മലബാറിന് ആവേശം, ഗംഭീര ജയത്തോടെ ഗോകുലം ഐലീഗ് സീസൺ തുടങ്ങി!

- Advertisement -

ഐ ലീഗിലെ കേരളത്തിന്റെ പ്രതീക്ഷകളുമായി ഇറങ്ങിയ ഗോകുലം കേരള എഫ് സിക്ക് ഗംഭീര വിജയം. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സി നെരോകയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. മുപ്പതിനായിരത്തിൽ അധികം കാണികൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ പ്രകടനം തന്നെ ആയിരുന്നു ഗോകുലം നടത്തിയത്.

തുടക്കത്തിൽ നെരോകയുടെ പ്രസിംഗ് ഫുട്ബോൾ ഗോകുലത്തിന്റെ താളം തെറ്റിച്ചു എങ്കിലും പതിയെ മലബാറിയൻസ് അവരുടെ മികവിലേക്ക് വന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഗോകുലം കേരള എഫ് സിയുടെ ആദ്യ ഗോൾ പിറന്നത്. 44ആം മിനുട്ടിൽ വിദേശ സ്ട്രൈക്കർ ഹെൻറി കിസേക തന്റെ ഇടം കാലൻസ് സ്ട്രൈക്ക് കൊണ്ട് നെരോക ഡിഫൻസിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഈ ഐലീഗ് സീസണിലെ ആദ്യ ഗോളായി ഇത് മാറി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫിലൂടെ ഗോകുലം കേരള എഫ് സി തങ്ങളുടെ രണ്ടാം ഗോൾ നേടി‌. 49ആം മിനുട്ടിൽ സെബാസ്റ്റ്യൻ നൽകിയ ക്രോസ് സ്വീകരിച്ചായിരുന്നു ക്യാപ്റ്റന്റെ സ്ട്രൈക്ക്. രണ്ട് ഗോളിന് മുന്നിൽ എത്തിയതോടെ കളിയുടെ പൂർണ്ണ നിയന്ത്രണം ഗോകുലം ഏറ്റെടുത്തു. പിന്നീട് ലീഡ് ഉയർത്താൻ ഗോകുലം കേരള എഫ് സിക്ക് നിരവധി അവസരങ്ങൾ ഉണ്ടായി എങ്കിലും ഫിനിഷിംഗിലെ പോരായ്മ നെരോകയെ നാണക്കേടിൽ നിന്ന് കാത്തു. കളിയുടെ അവസാന നിമിഷങ്ങളിൽ ഒരു ഗോൾ മടക്കി നെരോക അവസാന നിമിഷങ്ങളിൽ ഗോകുലത്തിന് ചെറിയ ആശങ്ക നൽകി. എങ്കിലും മൂന്ന് പോയന്റ് ഉറപ്പിക്കാൻ ഗോകുലത്തിനായി.സാമ്പ്സൺ ആയിരുന്നു നെരോകയുടെ ഗോൾ നേടിയത്.

സാങ്കേതിക കാരണങ്ങളാൽ മത്സരം ടെലിക്കാസ്റ്റ് ചെയ്യാൻ ഡി സ്പോർടിന് പറ്റാതിരുന്നത് ഫുട്ബോൾ ആരാധകർക്ക് വലിയ നഷ്ടമായി. ഇനി ഡിസംബർ ആറിന് ഇന്ത്യൻ ആരോസുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Advertisement