ഗോകുലം കേരളയിലേക്ക് പുതിയ ഒരു ഗോൾ കീപ്പർ എത്തുന്നു

ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള പുതിയ ഒരു ഗോൾ കീപ്പറെ സ്വന്തമാക്കുന്നു. ഡെൽഹി സ്വദേശിയായ ഗോൾകീപ്പർ രക്ഷിത് ദാഗർ ആകും ഗോകുലം കേരളയിൽ എത്തുക. കഴിഞ്ഞ സീസണിൽ സുദേവയുടെ വല കാത്ത താരമാണ് രക്ഷിത്. ഗോകുലം കേരളയുടെ ഒന്നാം നമ്പറായിരുന്ന ഉബൈദ് സി കെ ക്ലബ് വിട്ടിരുന്നു. ഇതിനു പകരമായാകും രക്ഷിത് ക്ലബിലേക്ക് എത്തുന്നത്.

27കാരനായ രക്ഷിത് മിനേർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ, ഡി എസ് കെ ശിവജിയൻസ്, യുണൈറ്റഡ് സിക്കിം എന്നീ ടീമുകളുടെ വല കാത്തിട്ടുണ്ട്. ഐ ലീഗ് നേടിയ ടീമിലെ പല താരങ്ങളെയും ഇതിനകം തന്നെ നഷ്ടപ്പെട്ട ഗോകുലം കേരള സ്ക്വാഡ് മെച്ചപ്പെടുത്തി ലീഗ് നിലനിർത്താനുള്ള ഒരുക്കത്തിലാണ്.