കൊൽക്കത്ത, ഫെബ്രുവരി 28: ഐ ലീഗിൽ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ് സി ചർച്ചിൽ ബ്രദേഴ്സിനെ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നേരിടും. കളി 24 ന്യൂസിലും വൺ സ്പോർട്സിലും തത്സമയം ഉണ്ടായിരിക്കും.
19 പോയിന്റ് ഉള്ള ചർച്ചിൽ ലീഗിൽ ഒന്നാം സ്ഥാനത്താണുള്ളത്. ഗോകുലം 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. എന്നാൽ ചർച്ചിലുമായിട്ടുള്ള മത്സരത്തിൽ വിജയം നേടുവാൻ കഴിഞ്ഞാൽ മലബാറിയൻസ് ഐ ലീഗിൽ ഒന്നാമതാകും.
വ്യത്യസ്തമായ ആക്രമണ ഫുട്ബോളാണ് ഇത് വരെ കോച്ച് അന്നീസയുടെ കീഴിൽ മലബാറിയൻസ് കാഴ്ചവെച്ചത്. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും, അവസരങ്ങൾ ഉണ്ടാക്കിയതും ഗോകുലമാണ്.
“ഈ മത്സരത്തിലെ മൂന്ന് പോയിന്റ് വളരെ പ്രധാനപെട്ടതാണ്. ഒന്നാം സ്ഥാനത്തു എത്തുവാൻ കഴിഞ്ഞില്ലെങ്കിലും, മൂന്നു പോയിന്റ് നേടിയാൽ അടുത്ത മത്സരങ്ങളിൽ വിജയം നേടുവാനും കൂടി കഴിഞ്ഞാൽ, കേരളത്തിലേക്ക് ആദ്യത്തെ ലീഗ് കിരീടം കൊണ്ടുവരുവാൻ കഴിയുമെന്ന് പ്രതീക്ഷ ഉണ്ട്,” ഗോകുലം പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.
“ലീഗിൽ ഇത് വരെ ചർച്ചിൽ ബ്രദേഴ്‌സ് തോൽവി അറിഞ്ഞില്ല. ഏറ്റവും കുറവ് ഗോളുകൾ അടിച്ചതും അവർക്കു എതിരെയാണ്. അതുകൊണ്ടു തന്നെ വളരെ പ്രയാസകരമാകും മത്സരം. പക്ഷെ എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണുള്ളത്,” കോച്ച് അന്നീസ് പറഞ്ഞു.
“ഞങ്ങൾക്ക് ഈ മത്സരം ജയിച്ചേ തീരൂ. എല്ലാവരും നല്ല ഫോമിലാണ്. കോച്ചിന്റെ പുതിയ രീതി എല്ലാവര്ക്കും ഇപ്പോൾ ശരിക്കും അറിയാം. അത് കൊണ്ട് തന്നെയാണ് ഇപ്പോൾ കളികൾ ഞങ്ങൾ ജയിക്കുവാൻ തുടങ്ങിയത്. മൂന്ന് പോയിന്റ് നേടി ലീഗിൽ ഒന്നാമത് എത്തി കേരളത്തിന് അഭിമാനം ആകുവാനാണ് ഞങ്ങളുടെ ശ്രമം,” ഗോകുലം കേരള എഫ് സി മിഡിഫീൽഡർ താഹിർ സമാൻ പറഞ്ഞു.