മാജിക് മെന്റി; ഇഞ്ചുറി ടൈം ഗോളിൽ രാജസ്ഥാനെ വീഴ്ത്തി ഗോകുലത്തിന്റെ തിരിച്ചു വരവ്

Nihal Basheer

തുടർ തോൽവികൾക്ക് അറുതി വരുത്തി കൊണ്ട് രാജസ്ഥാനെതിരെ അത്ഭുതകരമായ തിരിച്ചു വരവ് നടത്തി ഗോകുലം കേരള. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിറകിൽ നിന്ന ശേഷം അവസാന എട്ടു മിനിറ്റുകളിൽ മെന്റി കുറിച്ച രണ്ടു ഗോളുകൾക്കാണ് ഗോകുലം വിജയം നേടിയത്. അഞ്ചു തോൽവികൾക്ക് ശേഷം ഒരു വിജയം കൈയ്യകലെ എത്തി നഷ്ടമായ രാജസ്ഥാന് ആവട്ടെ, ഈ മത്സര ഫലം ആത്മവിശ്വാസം തകർക്കുന്നതായി. ഇതോടെ 27 പോയിന്റുമായി തൽക്കാലികമായെങ്കിലും മൂന്നാം സ്ഥാനത്തേക്ക് കയറാനും ഗോകുലത്തിനായി.

20230215 184718

രാജസ്ഥാന്റെ തട്ടകത്തിൽ തുടക്കത്തിൽ ഗോകുലത്തിന് അവസരങ്ങൾ ലഭിച്ചു. ഫ്രകിക്കിൽ നിന്നും മെന്റിയുടെ ഹെഡർ പോസ്റ്റിലിടിച്ചു. ഒൻപതാം മിനിറ്റിൽ സുമഷെവിന്റെ ഫ്രീകിക്കിൽ നിന്നും അമങേൽഡീവാണ് ഹെഡർ ഉതിർത്ത് രാജസ്ഥാന് ലീഡ് നൽകിയത്. പിന്നീട് തൊണ്ണൂറാം മിനിറ്റ് വരെ ഈ ലീഡ് കാക്കാനും അവർക്കായി. രണ്ടാം പകുതിയിൽ പ്രതിരോധ നിരയെ മറികടന്ന് ലഭിച്ച അവസരത്തിൽ ബോക്സിനുള്ളിൽ നിന്നും മെന്റിയുടെ ഷോട്ട് പക്ഷെ അകന്ന് പോയി. തൊണ്ണൂറാം മിനിറ്റിൽ ലിയൻസാങയുടെ ഫൗളിൽ കളി മുഴുവൻ മാറി മറിഞ്ഞു. താരം ചുവപ്പ് കാർഡ് കണ്ടു പുറത്തായി. പെനാൽറ്റി എടുത്ത മെന്റിക്ക് തെല്ലും പിഴച്ചില്ല. എട്ടു മിനിറ്റ് എക്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ വലത് ഭാഗത്ത് നിന്നും ഫാർഷാദ് നൂർ നൽകിയ തകർപ്പൻ ഒരു ക്രോസിൽ തലവെച്ചു മെന്റി വിജയ ഗോളും നേടിയപ്പോൾ ഗോകുലം വിജയം ഉറപ്പിച്ചു. പിന്നീട് ഇരു ടീമുകളുടെയും ബെഞ്ചുകൾ തമ്മിൽ കോർത്തപ്പോൾ റഫറിക്ക് ഇരു ഭാഗത്തേക്കും ചുവപ്പ് കാർഡ് വീശേണ്ടിയും വന്നു.