കേരള ബ്ലാസ്റ്റേഴ്സ് നീണ്ട ഇടവേളയ്ക്ക് ശേഷം വിജയം കണ്ടു. അങ്ങനെയൊരു ഇടവേളയ്ക്ക് അവസാനമിടാം എന്ന പ്രതീക്ഷയിൽ ഗോകുലം കേരള എഫ് സിയും ഇന്ന് ഇറങ്ങുകയാണ്. ഇന്ന് ഇന്ത്യ ആരോസ് ആണ് ഗോകുലത്തിന്റെ എതിരാളികൾ. നീണ്ട കാലത്തിന് ശേഷമാണ് ഗോകുലം ഒരു ഹോം മത്സരം കളിക്കുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ബിനോ ജോർജ്ജിൽ നിന്ന് ഗിഫ്റ്റ് റൈഖാൻ ഗോകുലത്തിന്റെ ചുമതലയേറ്റു എങ്കിലും ഫലങ്ങളുടെ കാര്യത്തിൽ വലിയ മാറ്റം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലീഗിൽ 15 മത്സരങ്ങൾ കഴിഞ്ഞിട്ടും ആകെ രണ്ട് ജയമേ ഗോകുലം കേരളത്തിനുള്ളൂ. ഇനിയുള്ള 5 മത്സരങ്ങളിൽ മികച്ച ഫലങ്ങൾ ഉണ്ടാക്കി സൂപ്പർ കപ്പ് യോഗ്യത നേടുകയാണ് ലക്ഷ്യം എന്ന് ഇന്നലെ ഗിഫ്റ്റ് റൈഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ സൂപ്പർ കപ്പിനേക്കാൾ ഗോകുലം ശ്രദ്ധിക്കേണ്ടത് റിലഗേഷൻ പോര് ആകും. ഇനിയും പരാജയം തുടർന്നാൽ ലീഗിലെ അവസാന സ്ഥാനമാകും ഗോകുലത്തെ കാത്തിരിക്കുന്നത്. ഇന്ത്യൻ ആരോസിനെ ഒഡീഷയിൽ വെച്ച് നേരിട്ടപ്പോൾ ഗോകുലം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആരോസിനെ വില കുറച്ച് കാണാൻ ഇത്തവണ ഗോകുലം ശ്രമിക്കില്ല.
രാജേഷ്, ഗനി തുടങ്ങിയ താരങ്ങൾ പരിക്ക് കാരണം ഇന്ന് ഗോകുലത്തിനൊപ്പം ഉണ്ടാകില്ല. വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക.