ഐലീഗിലെ കിരീട പോരാട്ടത്തിൽ വീണ്ടും ട്വിസ്റ്റ്. ഇന്ന് ലീഗിൽ ചെന്നൈ സിറ്റിക്ക് ഒപ്പം എത്താനുള്ള സുവർണ്ണാവസരം ഈസ്റ്റ് ബംഗാൾ കളഞ്ഞു. ചർച്ചിൽ ബ്രദേഴ്സിനോട് സ്വന്തം കാണികൾക്ക് മുന്നിൽ സമനില വഴങ്ങിയതാണ് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. 68ആം മിനുട്ടിൽ പ്ലാസയിലൂടെ ചർച്ചിൽ ബ്രദേഴ്സ് ലീഡ് എടുത്തപ്പോൾ ഒരു പോയന്റ് പോലും കിട്ടില്ല എന്നാണ് ഈസ്റ്റ് ബംഗാൾ കരുതിയത്. പ്ലാസയുടെ ലീഗിലെ 18ആമത്തെ ഗോളായിരുന്നു ഇത്.
ശക്തമായി പൊരുതിയ ഈസ്റ്റ് ബംഗാൾ 20 മിനുട്ടുകൾക്കകം തിരിച്ചടിച്ച് സമനില പിടിച്ചു. ഡികയുടെ അസിസ്റ്റിൽ നിന്ന് ലാൽറണ്ടിക റാൾട്ടെയാണ് ഈസ്റ്റ് ബംഗാക്കിനെ ഒപ്പം എത്തിച്ചത്. പൊരുതി നോക്കി എങ്കിലും വിജയ ഗോൾ കണ്ടെത്താൻ ഈസ്റ്റ് ബംഗാളിനായില്ല. നാലപ്പതിനായിരത്തിൽ അധികം കാണികൾ ഇന്ന് ഈസ്റ്റ് ബംഗാളിന്റെ മത്സരം കാണാൻ സാൾട്ട്ലേക്കിൽ എത്തിയിരുന്നു.
ഇന്നത്തെ ഫലത്തോടെ 16 മത്സരങ്ങളിൽ നിന്ന് 32 പോയന്റാണ് ഈസ്റ്റ് ബംഗാളിന് ഉള്ളത്. റിയൽ കാശ്മീരിനും 32 പോയന്റുണ്ട്. ഒന്നാമതുള്ള ചെന്നൈ സിറ്റിക്ക് 34 പോയന്റാണ് ഉള്ളത്. ഇനി വെറും നാലു റൗണ്ട് മത്സരങ്ങൾ മാത്രമെ ഐലീഗിൽ അവസാനിക്കുന്നുള്ളൂ.