15 വർഷങ്ങൾ… ആ നീണ്ട കാത്തിരിപ്പിന് ഇന്ന് അന്ത്യമാകുമോ എന്നായിരുന്നു ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയത്. പക്ഷെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ഈസ്റ്റ് ബംഗാൾ പിറകിൽ ഉണ്ടെന്ന സമ്മർദ്ദങ്ങളിൽ വീഴാതെ ചെന്നൈ സിറ്റി ഇന്ന് ഐലീഗ് കിരീടം ഉയർത്തി. അതോടെ ഈസ്റ്റ് ബംഗാൾ ആരാധകരുടെ ഒരു ഐലീഗ് കിരീടം എന്ന പ്രതീക്ഷയും അവസാനിച്ചു.
നാഷണൽ ഫുട്ബോൾ ലീഗ് ആയിരുന്ന കാലത്താണ് ഈസ്റ്റ് ബംഗാൾ അവസാനം ലീഗ് കിരീടം നേടിയത്. ഐലീഗ് ആയി മാറിയതിനു ശേഷം ലീഗ് കിരീടം നേടാൻ ഈസ്റ്റ് ബംഗാളിനായില്ല. 2003-04 സീസണിൽ ആയിരുന്നു ഈസ്റ്റ് ബംഗാൾ അവസാനമായി ലീഗ് ഉയർത്തിയത്. അത് ഉൾപ്പെടെ മൂന്ന് ലീഗ് കിരീടങ്ങൾ ഈസ്റ്റ് ബംഗാൾ നേടിയിട്ടുണ്ട്. കൊൽക്കത്ത ലീഗിലും ഫെഡറേഷൻ കപ്പിലും ഐ എഫ് എ ഷീൽഡിലും ഒക്കെ ഈസ്റ്റ് ബംഗാൾ കിരീടം നേടിക്കൂട്ടി എങ്കിലും ദേശീയ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിൽ നിന്ന് എപ്പോഴും അകന്നു നിന്നു.
ചിരവൈരികളായ മോഹൻ ബഗാൻ 2014-15 സീസണിൽ ഐലീഗ് കിരീടം നേടിയതോടെ ദേശീയ കിരീടങ്ങളുടെ എണ്ണത്തിൽ ഈസ്റ്റ് ബംഗാൾ പിറകിലാവുകയും ചെയ്തു. മോഹൻ ബഗാന് നാല് ദേശീയ ലീഗ് കിരീടങ്ങളാണ് ഉള്ളത്.
ഈസ്റ്റ് ബംഗാൾ ഈ സീസൺ ഉൾപ്പെടെ മൂന്ന് ഐലീഗ് സീസണുകളിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മൂന്ന് തവണ മൂന്നാമതായും ഫിനിഷ് ചെയ്തു. എപ്പോഴും ലീഗിൽ ശരാശരിക്ക് മേലെ പ്രകടനം കാഴ്ചവെക്കും എങ്കിലും കിരീടം ഈസ്റ്റ് ബംഗാളിന് ലഭിച്ചില്ല. ഈ സീസൺ ഈസ്റ്റ് ബംഗാളിന്റെ ഐലീഗിലെ അവസാന സീസൺ ആണെന്ന് ഏതാണ്ട് ഉറപ്പുള്ളതു കൊണ്ട് ഇന്നത്തെ ഫലങ്ങൾ ആരാധകർക്ക് വലിയ നിരാശ തന്നെ നൽകും.