കാത്തിരുന്ന് കാത്തിരുന്നു… 15 വർഷത്തെ ഈസ്റ്റ് ബംഗാൾ കാത്തിരിപ്പിന് ഇന്ന് അന്ത്യമാകുമോ?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാൾ എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ്. ഐതിഹാസിക ക്ലബ് എന്ന് ഒരു മടിയും ഇല്ലാതെ പറയാൻ പറ്റിയ ക്ലബ്. പക്ഷെ ഈ ക്ലബ് ഒരു ദേശീയ ലീഗ് കിരീടം നേടിയിട്ട് വർഷങ്ങളായി. കൃത്യമായി പറഞ്ഞാൽ 15 വർഷങ്ങൾ. ആ നീണ്ട കാത്തിരിപ്പിന് ഇന്ന് അന്ത്യമാകുമോ എന്നാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.

നാഷണൽ ഫുട്ബോൾ ലീഗ് ആയിരുന്ന കാലത്താണ് ഈസ്റ്റ് ബംഗാൾ അവസാനം ലീഗ് കിരീടം നേടിയത്. ഐലീഗ് ആയി മാറിയതിനു ശേഷം ലീഗ് കിരീടം നേടാൻ ഈസ്റ്റ് ബംഗാളിനായില്ല. 2003-04 സീസണിൽ ആയിരുന്നു ഈസ്റ്റ് ബംഗാൾ അവസാനമായി ലീഗ് ഉയർത്തിയത്. അത് ഉൾപ്പെടെ മൂന്ന് ലീഗ് കിരീടങ്ങൾ ഈസ്റ്റ് ബംഗാൾ നേടിയിട്ടുണ്ട്. കൊൽക്കത്ത ലീഗിലും ഫെഡറേഷൻ കപ്പിലും ഐ എഫ് എ ഷീൽഡിലും ഒക്കെ ഈസ്റ്റ് ബംഗാൾ കിരീടം നേടിക്കൂട്ടി എങ്കിലും ദേശീയ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിൽ നിന്ന് എപ്പോഴും അകന്നു നിന്നു.

ചിരവൈരികളായ മോഹൻ ബഗാൻ 2014-15 സീസണിൽ ഐലീഗ് കിരീടം നേടിയതോടെ ദേശീയ കിരീടങ്ങളുടെ എണ്ണത്തിൽ ഈസ്റ്റ് ബംഗാൾ പിറകിലാവുകയും ചെയ്തു. മോഹൻ ബഗാന് നാല് ദേശീയ ലീഗ് കിരീടങ്ങളാണ് ഉള്ളത്. ഇന്ന് അത്ഭുതം നടന്ന് ഈസ്റ്റ് ബംഗാൾ കിരീടം നേടുകയാണെങ്കിൽ അതോടെ മോഹൻ ബഗാനൊപ്പം കിരീടങ്ങളുടെ എണ്ണത്തിൽ എത്താൻ ഈസ്റ്റ് ബംഗാളിനാവും.

ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഈസ്റ്റ് ബംഗാൾ ഇറങ്ങുമ്പോഴും കിരീട സാധ്യത കൂടുതൽ ചെന്നൈ സിറ്റിക്ക് ആണ് ഉള്ളത്. ലീഗിൽ ഒന്നാമത് ഉള്ള ചെന്നൈ സിറ്റിക്ക് 40 പോയന്റാണ് ഇപ്പ ഉള്ളത്. രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിന് 39 പോയന്റും. ഇന്ന് അവസാന മത്സരത്തിൽ കോയമ്പത്തൂരിൽ വെച്ച് ചെന്നൈ സിറ്റി നേരിടും. കോഴിക്കോട് വെച്ച് ഈസ്റ്റ് ബംഗാൾ ഗോകുലം കേരള എഫ് സിയെയും നേരിടും. ചെന്നൈ സിറ്റി വിജയിക്കാതിരുന്നാൽ മാത്രമേ ഈസ്റ്റ് ബംഗാളിന് കിരീടം തൊടാൻ ആവുകയുള്ളൂ.

ഈ സീസൺ ഈസ്റ്റ് ബംഗാളിന്റെ ഐലീഗിലെ അവസാന സീസൺ ആണെന്ന് ഏതാണ്ട് ഉറപ്പുള്ളതു കൊണ്ട് ഈ ലീഗ് കിരീടം ഈസ്റ്റ് ബംഗാൾ ആരാധകർക്കും ടീമിനും അത്യാവശ്യമാണ്. ഐതിഹാസിക ക്ലബിന് ഒരു ഐലീഗ് കിരീടം ഇല്ലായിരുന്നു എന്ന് പറയാൻ ആരാധകർ ഇഷ്ടപ്പെടില്ല എന്ന് ക്ലബ് മാനേജ്മെന്റിനും അറിയാം.