സബാഷ്!!! ഗോകുലം അരങ്ങേറ്റം ഉജ്വലമാക്കി ക്രിസ്റ്റ്യൻ സബ

- Advertisement -

ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ ഗോകുലം കേരള എഫ്‌സി കളിക്കാൻ ഇറങ്ങിയപ്പോൾ ഒരു പത്തൊൻപത് വയസുകാരൻ കൂടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ക്രിസ്റ്റ്യൻ സബ എന്ന ഘാനക്കാരനും ബിനോ ജോർജ് അവസരം നൽകി. കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റ്യൻ സബയുടെ രജിസ്‌ട്രേഷൻ ഗോകുലം കേരള പൂർത്തിയാക്കിത്.

ഈ സീസണിന്റെ തുടക്കം മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന സബ മഞ്ചേരിയിൽ ഗോകുലത്തിന്റെ റിസർവ് ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തതാണ് ഫസ്റ്റ് ടീമിലേക്ക് അവസരം തുറന്നത്. കിട്ടിയ അവസരം മുതലാക്കിയ ക്രിസ്റ്റ്യൻ സബ മിന്നും പ്രകടനം പുറത്തെടുത്താണ് കളം വിട്ടത്. അർജുൻ ജയരാജ് കേരള ടീമിന്റെ സമനില ഗോൾ നേടിയത് സബയുടെ അളന്നു മുറിച്ച പാസിൽ നിന്നായിരുന്നു. മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ സബ ചർച്ചിൽ പ്രതിരോധത്തെ കാഴ്ചക്കാരാക്കി പന്ത് അർജുൻ ജയരാജിന് കൈമാറുകയായിരുന്നു.

മത്സരത്തിൽ ഉടനീളം പന്ത് സബയുടെ കാലിൽ കിട്ടുമ്പോൾ ചർച്ചിൽ ഗോൾ മുഖത്തു എന്തും സംഭവിക്കാം എന്ന സ്ഥിതി ആയിരുന്നു. സബയുടെ ഗോൾ എന്നുറച്ച ഒരു ചിപ്പ് ഷോട്ട് ബാറിൽ തട്ടി മടങ്ങിയില്ലായിരുന്നു എങ്കിൽ അരങ്ങേറ്റത്തിൽ ഗോൾ നേടാനും കഴിയുമായിരുന്നു. എന്തായാലും മുന്നേറ്റത്തിൽ മികച്ചൊരു താരത്തെയാണ് ഗോകുലം കേരള എഫ്‌സിക്ക് ലഭിച്ചിരിക്കുന്നത്.

Advertisement