ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്തെറിഞ്ഞു ശ്രീനിധി ഡെക്കാൻ ഒന്നാം സ്ഥാനത്തേക്ക്

Nihal Basheer

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ശ്രീനിധി ഡെക്കാൻ. ഹൈദരാബാദിൽ ഡെക്കാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കസ്റ്റാന്യെഡാ, രാംലുച്ചുങ, ഒഗാന എന്നിവരാണ് വല കുലുക്കിയത്. ഇതോടെ താൽക്കാലികമായെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ ശ്രീനിധിക്കായി. അഞ്ച് വീതം ജയവും തോൽവിയും സമനിലയുമായി ചർച്ചിൽ അഞ്ചാം സ്ഥാനത്താണ്.

Screenshot 20230204 190924 Brave

മത്സരത്തിന്റെ ആദ്യാവസാനം ശ്രീനിധിയുടെ പക്കൽ ആയിരുന്നു മത്സരം. ആദ്യ നിമിഷങ്ങളിലെ കായികമായി എതിരിട്ടു നിന്ന ചർച്ചിലിനെ പതിയെ പോസഷൻ കൈക്കലാക്കി കൊണ്ട് ആതിഥേയർ മറികടന്നു. ഇടവേളക്ക് തൊട്ടു മുൻപ് കോർണറിൽ നിന്നെത്തിയ ബോളിൽ മാർക് ചെയ്യപ്പെടാതെ നിന്ന അങ്കിരയുടെ ഹെഡർ ആൽബിനോ ഗോമസ് രക്ഷിച്ചെടുത്തു. രണ്ടാം പകുതിയിൽ ശ്രീനിധി ഡെക്കാൻ മത്സരം പൂർണമായും വരുതിയിൽ ആക്കി. അൻപത്തിയഞ്ചാം മിനിറ്റിൽ ക്ലമെന്റെയുടെ ഹാന്റ്ബോളിൽ റഫറി പെനാൽറ്റി വിധിച്ചപ്പോൾ ക്യാപ്റ്റൻ ഡേവിഡ് കസ്റ്റാന്യെഡ അനായാസം ലക്ഷ്യം കണ്ടു. എഴുപതിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. രാംലുച്ചുങയാണ് ഇത്തവണ വലകുലുക്കിയത്. ഇഞ്ചുറി ടൈമിൽ നൈജീരിയൻ താരം ഒഗാനയുടെ ഗോളോട് ശ്രീനിധി പട്ടിക പൂർത്തിയായി. കീപ്പർ ഉബൈദിന്റെ പ്രകടനവും ശ്രീനിധിയുടെ ജയത്തിൽ നിർണായകമായി. രണ്ടാം പകുതിയിൽ സാനെയുടെ മികച്ച രണ്ടു ഷോട്ടുകളാണ് താരം തടുത്തത്.