ഏഴ് ഗോൾ പിറന്ന മത്സരത്തിൽ ഐസ്വാളിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈ സിറ്റി ഐ ലീഗിൽ തങ്ങളുടെ കുതിപ്പ് തുടരുന്നു. ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളാണ് ഐസ്വാളിന്റെ തോൽവി ഒരു ഗോളിലൊതുക്കിയത്.
ചെന്നൈ സിറ്റിക്ക് വേണ്ടി ഇരട്ട ഗോളോടെ പെഡ്രോ മാൻസിയും സാൻഡ്രോ റോഡ്രിഗസുമാണ് തിളങ്ങിയത്. ഐസ്വാൾ എഫ് സിക്ക് വേണ്ടി ആൽബർട്ട് സോമിങ്വിയയും ഇസാക് വൻലാൽറുവത്ഫെലയും ലാൽഖ്വയിമാവിയയുമാണ് ഗോളുകൾ നേടിയത്. മത്സരം തീരാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ 4-1ന് പിറകിലായിരുന്ന ഐസ്വാളിന് ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളാണ് തോൽവിയുടെ ഭാരം കുറച്ചത്.
13 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി ചെന്നൈ സിറ്റി ഐ ലീഗിൽ ബഹുദൂരം മുൻപിലാണ്. രണ്ടാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദർസിന് 12 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് ഉള്ളത്. തോൽവിയോടെ ഐസ്വാളിന്റെ നില കൂടുതൽ പരുങ്ങലിലായി. 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഐസ്വാൾ ഐ ലീഗിൽ പത്താം സ്ഥാനത്താണ്.