ഐ ലീഗ്; ഐസാളിനെയും കീഴടക്കി റൗണ്ട്ഗ്ലാസ് പഞ്ചാബ്, കിരീടപ്പോര് മുറുകുന്നു

Nihal Basheer

ഐ ലീഗിൽ പോയിന്റ് തലപ്പത്ത് പോര് മുറുക്കി കൊണ്ട് റൗണ്ട്ഗ്ലാസ് പഞ്ചാബിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഐസളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊണ്ട് അവർ വീണ്ടും ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനുമായി പോയിന്റ് നിലയിൽ ഓപ്പമെത്തി. ഇരു ടീമുകൾക്കും മുപ്പത്തിയേഴു പോയിന്റ് വീതമായി. അഞ്ച് മത്സരങ്ങൾ മാത്രം ശേഷിക്കെ ഫോട്ടോഫിനിഷിലേക്കാണ് ഐ ലീഗ് അടുക്കുന്നത്. ഐസാൾ ആറാം സ്ഥാനത്ത് തുടരുകയാണ്.

20230213 201826

സുദേവയോടും കെങ്ക്രെയോടും സമനിലയിൽ കുരുങ്ങിയ ശേഷം ഗോകുലത്തെ കീഴടക്കി വിജയപാതയിൽ തിരിച്ചെത്തിയ റൗണ്ട്ഗ്ലാസിന് ഇന്നും വിജയത്തിൽ കുറഞ്ഞതോന്നും മുന്നിൽ ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ പക്ഷെ ലക്ഷ്യം കാണാൻ പഞ്ചാബിനായില്ല. മാസെന്റെയും ചെഞ്ചോയുടെയും ശ്രമങ്ങൾ കീപ്പറുടെ കൈകളിൽ അവസാനിച്ചു. ഇടവേളക്ക് തൊട്ടു മുൻപ് ഐസാൾ താരം ലാൽചൗങ്കിമയുടെ ഹെഡർ ശ്രമവും അകന്ന് പോയി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ സ്‌കോർ ബോർഡ് തുറന്നു. അൻപതിമൂന്നാം മിനിറ്റിൽ ചെഞ്ചോ ആണ് വല കുലുക്കിയത്. കൗണ്ടറിലൂടെ എത്തിയ ബോൾ ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും നിയന്ത്രണത്തിലാക്കി ഓടിക്കയറിയാണ് താരം ബോക്സിനുള്ളിൽ നിന്നും ലക്ഷ്യം കണ്ടത്. അവസാന നിമിഷങ്ങളിൽ ഐസാൾ സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബ് വഴങ്ങിയില്ല.