തൊണ്ണൂറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ക്യാപ്റ്റൻ കിംകിമക്ക് പിഴച്ചപ്പോൾ ഐസാളിന് സമനില നഷ്ടം. റൗണ്ട്ഗ്ലാസ് പഞ്ചാബ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ വിജയം കുറിച്ചു. ഇതോടെ ഒന്നാം സ്ഥാനത്ത് പത്ത് പോയിന്റുമായി നിലയുറപ്പിച്ച റിയൽ കാശ്മീരിനൊപ്പം എത്താനും പഞ്ചാബിനായി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് സമനില വഴങ്ങേണ്ടി വന്ന പഞ്ചാബിന് വീണ്ടും വിജയപാതയിൽ തിരിച്ചെത്താൻ ആയി. തോൽവി ഐസാളിന്റെ എട്ടാം സ്ഥാനത്തിന് ഭീഷണി ആവും.
ആദ്യ പകുതിയിൽ തുല്യ ശക്തികളുടെ പോരാട്ടം ആയിരുന്നു. പതിനാറാം മിനിറ്റിൽ പഞ്ചാബ് ആദ്യ ഗോൾ നേടി. ലൂക്ക മയ്ക്കനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ അനായാസം വലയിൽ എത്തിച്ചു. ഇരുപതിയാറാം മിനിറ്റിൽ ഐസാളിന്റെ സമനില ഗോൾ എത്തി. രംദിൻതാരയുടെ അസിസ്റ്റിൽ ലാൽതൻമാവിയയാണ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതി ആരംഭിച്ച ശേഷം മയ്കൻ ഒന്നാന്തരമൊരു നീക്കത്തിനൊടുവിൽ ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. എഴുപതിയേഴാം മിനിറ്റിൽ പഞ്ചാബ് വീണ്ടും ലീഡ് സ്വന്തമാക്കി. കോർണറിലൂടെ എത്തിയ ബോളിൽ ഹെഡർ ഉതിർത്ത് പ്രതിരോധ താരം ദീപക് ദേവ്റാണിയാണ് നിർണായക ഗോൾ നേടിയത്.
തൊണ്ണൂറാം മിനിറ്റിൽ മത്സരത്തിന്റെ വിധി നിർണയിക്കുമായിരുന്ന പെനാൽറ്റി എത്തി. എന്നാൽ കിക്ക് എടുത്ത ക്യാപ്റ്റൻ കിംകിമയുടെ ഷോട്ട് ബാറിൽ അടിച്ചു മടങ്ങിയപ്പോൾ ഐസാളിന്റെ സമനിലക്കായുള്ള അവസാന പ്രതീക്ഷയും നഷ്ടമായി.