ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം എ ഐ എഫ് എഫിന് സമർപ്പിച്ച എല്ലാ നിർദ്ദേശങ്ങളും എ ഐ എഫ് എഫ് അംഗീകരിച്ചു. ഇതോടെ ഈ സീസണിൽ ഇനി ഇന്ത്യയിൽ ഒരു ഫുട്ബോൾ മത്സരം പോലും ഉണ്ടാകില്ല എന്ന് ഉറപ്പായി. ഐ ലീഗ്, യൂത്ത് ലീഗുകൾ, സെക്കൻഡ് ഡിവിഷൻ ഐ ലീഗ് എന്നിവയൊക്കെ ഉപേക്ഷിക്കാൻ ആണ് ഇപ്പോൾ ഔദ്യോഗികമായി തീരുമാനമായിരിക്കുന്നത്.
ഐ ലീഗ് ഉപേക്ഷിച്ച് മോഹൻ ബഗാനു കിരീടം നൽകും. ചാമ്പ്യന്മാർക്ക് കിട്ടുന്ന തുകയും മോഹൻ ബഗാനു ലഭിക്കും. ലീഗിലെ ഒന്നാം സ്ഥാനം ഒഴികെയുള്ള ബാക്കി സ്ഥാനങ്ങൾ നിർണയിക്കില്ല. എ ഐ എഫ് എഫ് ഒരോ സ്ഥാനത്തിനു നൽകുന്ന പണത്തിനു പകരം ഒന്നാം സ്ഥാനത്തിനു താഴെ ഉള്ള മുഴുവൻ ക്ലബുകൾക്കും സമ്മാനത്തുക തുല്യമായി വീതിച്ചു നൽകും. വ്യക്തിഗത സമ്മാനങ്ങൾ ഇത്തവണ നൽകില്ല. റിലഗേഷൻ ഇല്ല എന്നിവയാണ് ഐ ലീഗിനെ സംബന്ധിച്ച് എ ഐ എഫ് എഫ് ഇന്ന് അംഗീകരിച്ച നിർദ്ദേശങ്ങൾ.
കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഇനി കളി നടത്താൻ മെയ് അവസാനം എങ്കിലും ആകേണ്ടി വരും എന്ന സാഹചര്യയത് കൊണ്ട് സെക്കൻ ഡിവിഷൻ ഐ ലീഗും മറ്റു യൂത്ത് ലീഗുകളും ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെക്കൻഡ് ഡിവിഷൻ അടുത്ത സീസണു മുന്നോടിയായി ചെറിയ ടൂർണമെന്റായി ചിലപ്പോൾ നടത്തിയേക്കും. യൂത്ത് ലീഗുകൾ ഇത്തവണത്തേത് ഉപേക്ഷിച്ച് അടുത്ത സീസണിൽ പുതുതായി തുടങ്ങാം എന്നാണ് ധാരണ.