ഗോൾ മഴയുമായി ഹൈദരാബാദ് എഫ്‌സി; നോർത്ത് ഈസ്റ്റിന് വീണ്ടും തോൽവി!!

Nihal Basheer

Updated on:

hyderabad fc,
Download the Fanport app now!
Appstore Badge
Google Play Badge 1

ഐഎസ്എൽ പോയിന്റ് തലപ്പത്ത് പോര് മുറുക്കി കൊണ്ട് ഹൈദരാബാദിന്റെ മിന്നുന്ന വിജയം. ഒന്നിനെതിരെ ആറു ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനെ തകർത്ത് കൊണ്ട് ഹൈദരാബാദ് എഫ്‌സി ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ഇരുപതിയെട്ട് പോയിന്റുള്ള നിലവിലെ ചാംപ്യന്മാർക്ക് ഒരു പോയിന്റ് പിറകിൽ ഒരു മത്സരം കുറച്ചു കളിച്ച മുംബൈ ഉണ്ട്. ഇതോടെ ഗോൾ വ്യത്യാസത്തിലും മുംബൈയോടടുക്കാൻ ഹൈദരാബാദിനായി. കഴിഞ്ഞ മത്സരത്തിൽ സീസണിലെ ആദ്യ വിജയം നേടിയ നോർത്ത് ഈസ്റ്റിന് വീണ്ടും തോൽവിലേക്ക് കൂപ്പുകുത്തി.
Hyderabad fc
സ്വന്തം തട്ടകത്തിൽ ഹൈദരാബാദിന്റെ തേരോട്ടമായിരുന്നു മത്സരത്തിൽ. കഴിഞ്ഞ മത്സരങ്ങളിൽ മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രകടനത്തിന്റെ മിന്നലാട്ടങ്ങൾ നോർത്ത് ഈസ്റ്റ് ഈ മത്സരത്തിലും പ്രകടിപ്പിച്ചെങ്കിലും ഹൈദരാബാദിനെ പിടിച്ചു കെട്ടാൻ അതൊന്നും മതിയായില്ല. എട്ടാം മിനിറ്റിൽ ഹൈദരാബാദ് ആദ്യ ഗോൾ നേടി. കോർണറിൽ നിന്നെത്തിയ ബോളിൽ സമർഥമായി മാർക്കിങ്ങിൽ നിന്നും ഒഴിഞ്ഞു മാറി യാവിയർ സിവെറിയോ ഉതിർത്ത ഷോട്ടിലൂടെയാണ് ഹൈദരാബാദ് എഫ്‌സി അക്കൗണ്ട് തുറന്നത്. ബോർഹ ഹെറെരയുടെയും സിവെറിയോയുടെയും തുടർച്ചയായ ശ്രമങ്ങൾ മിർഷാദ് രക്ഷപ്പെടുത്തി. ഒഗ്ബച്ചേയുടെ അക്രോബാറ്റിക് ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇരുപത്തിനാലാം മിനിറ്റിൽ അടുത്ത ഗോൾ എത്തി. നോർത്ത് ഈസ്റ്റ് താരങ്ങളെ ഓരോന്നായി മറികടന്ന് ബോക്സിന് പുറത്തു നിന്നും ബോർഹ ഹെറെരയുടെ ഷോട്ട് കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് കയറി. ആറ് മിനിറ്റിന് ശേഷം ഒരിക്കൽ കൂടി ഹൈദരാബാദ് എതിർ വല കുലുക്കി. ഫ്രീകിക്കിൽ നിന്നെത്തിയ ബോൾ ക്ലിയർ ചെയ്തത് ബോക്സിനുകളിൽ തന്നെ വീണപ്പോൾ ഓടിയെത്തിയ ഒഡെയ് ഒരു തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. മൂന്ന് ഗോൾ വഴങ്ങിയിട്ടും വിട്ടു കൊടുക്കാൻ തയ്യാറല്ലാതിരുന്ന നോർത്ത് ഈസ്റ്റ് മുപ്പത്തിയാറാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചു നേടി. ബോക്സിലേക്ക് എത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഹൈദരാബാദ് ഡിഫെൻസിന് പിഴച്ചപ്പോൾ പ്രഗ്യാൻ ഗോഗോയി നൽകിയ അവസരത്തിൽ ആരോൺ ഇവാൻസ് വല കുലുക്കുകയായിരുന്നു.
Ogbache, Hyderabad FC, ISL
രണ്ടാം പകുതിയിലും ഇരു ടീമുകളും അക്രമണത്മക ഫുട്ബോൾ തന്നെ കാഴ്ച്ച വെച്ചു. എഴുപതിമൂന്നാം മിനിറ്റിൽ വിങ്ങിലൂടെ എത്തിയ യാസിർ പോസ്റ്റിന് മുന്നിലേക്കായി നൽകിയ പാസിൽ ബൂട്ട് വെച്ച് യാവിയർ സിവെറിയോ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. നാല് മിനിറ്റിനു ശേഷം ഹാളിചരണിന്റെ പാസിൽ ക്യാനീ സെ വീണ്ടും വലകുലുക്കി. കോർണറിൽ നിന്നെത്തിയ പന്തിൽ ക്യാനീസെയയുടെ ഹെഡറിൽ കീപ്പർ തടുത്ത പന്ത് ഗൗരവ് ബോറയിൽ തട്ടി സെൽഫ്‌ ഗോൾ ആയി പരിണമിച്ചപ്പോൾ ഗോൾ പട്ടിക പൂർത്തിയായി.