അമേരിക്കൻ ക്ലബായ അറ്റ്ലാന്റ യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിച്ചു. അർജന്റീന ദേശീയ ടീമിനായി ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള ഫുൾബാക്കായ ഗബ്രിയേൽ ഹയിൻസ് ആണ് അറ്റ്ലാന്റയിൽ പരിശീലകനായി എത്തുന്നത്. അർജന്റീന ക്ലബായ വെലസ് സാർസ്ഫീൽഡിന്റെ പരിശീലകനായി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഹയിൻസിനെ അറ്റ്ലാന്റയിൽ എത്തിക്കുന്നത്.
ഫ്രാങ്ക് ഡി ബോറിനെ പുറത്താക്കിയ ശേഷം ഇതുവരെ ഒരു സ്ഥിര പരിശീലകനെ അറ്റ്ലാന്റ യുണൈറ്റഡ് നിയമിച്ചിരുന്നില്ല. ക്ലബിന്റെ മൂന്നാം പരിശീലകൻ മാത്രമാണ് ഹയിൻസ്. കഴിഞ്ഞ സീസണിൽ അറ്റ്ലാന്റ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നില്ല. പ്ലേ ഓഫ് തന്നെ ആകും ഹയിൻസിന്റെ ആദ്യ ലക്ഷ്യവും. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച് ഒരുപാട് ആരാധകരെ ഒരുകാലത്ത് സൃഷ്ടിച്ച ഫുട്ബോൾ താരമാണ് ഹയിൻസ്. പി എസ് ജി, റയൽ മാഡ്രിഡ് പോലുള്ള ക്ലബുകൾക്കായും ഹയിൻസ് കളിച്ചിട്ടുണ്ട്.