ഹക്കീമിന് അവസാനം നീതി, ഓസ്ട്രേലിയൻ ഫുട്ബോളർ ജയിൽ മോചിതനായി

തായ്ലാന്റിൽ വിചാരണ തടങ്കിൽ ആയിരുന്ന ഓസ്ട്രേലിയൻ ഫുട്ബോളർ ഹക്കീം ജയിൽ മോചിതനായി. ഓസ്ട്രേലിയയിൽ അഭയാർത്ഥി ആയി അംഗീകരിക്കപ്പെട്ട ഫുട്ബോൾ കളിച്ച് മാത്രം ജീവിതം മുന്നോട്ട് നീക്കുകയായിരുന്ന ഹക്കീം കഴിഞ്ഞ നവംബർ അവസാനം തന്റെ ഭാര്യക്ക് ഒപ്പം വെക്കേഷൻ ആഘോഷിക്കാൻ തായ്ലാന്റിൽ വന്നപ്പോൾ ഒരു കാരണവും ഇല്ലാതെ ഹക്കീമിനെ തായ്ലാന്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബഹ്റൈനിൽ ജീവിച്ചു വളർന്ന ഹക്കീം ബഹ്റൈനിൽ ഇരിക്കെ അവിടെയുള്ള ഫാസിസ്റ്റ് ഭരണത്തെ വിമർശിച്ചതിന് 2012ൽ അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് ഓസ്ട്രേലിയയിൽ അഭയം തേടുകയുമായിരുന്നു. 2012ൽ കെട്ടിചമച്ച കേസിലായിരുന്നു ബഹ്റൈൻ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം തായ്ലാന്റ് അറസ്റ്റ് നടത്തിയത്‌. 3 മാസത്തോളമായി ഹക്കീം ജയിലിൽ കഴിയുന്നു. തായ്ലാന്റ് ഭരണ കൂടത്തിനെതിരെ ലോകഫുട്ബോളിൽ വലിയ പ്രതിഷേധം തന്നെ ഉയർന്നിരുന്നു.

ബഹ്റൈന് ഹക്കീമിനെ വിട്ടു കൊടുക്കരുത് എന്നും ഓസ്ട്രേലിയയിലേക്ക് അയക്കണം എന്നുമായിരുന്നു ഹക്കീമിന്റെയും ഹക്കീമിനെ പിന്തുണച്ചവരുടെയും ആവശ്യം. ഇന്നാണ് തായ്‌ലാന്റ് ഹക്കീമിനെ മോചിതനാക്കിയത്. ഹക്കീം ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയതായും തായ്ലാന്റ് അറിയിച്ചു.