പൊരുതി തോറ്റു, ഗോകുലത്തിന്റെ സ്വപ്നം പൂവണിഞ്ഞില്ല

- Advertisement -

ഗോകുലം കേരള എഫ് സിക്ക് ചരിത്രം കുറിക്കാൻ ആയില്ല. കേരളത്തിന്റെ അഭിമാനമായി ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ക് കമാൽ ഇന്റർ നാഷണൽ ക്ലബ് കപ്പിൽ മുന്നേറിയ ഗോകിലം സെമി ഫൈനലിൽ പരാജയപ്പെട്ടു. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ആതിഥേയരായ ചിറ്റഗോങ് അബഹാനി ആണ് ഗോകുലത്തെ തോൽപ്പിച്ചത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ആയിരുന്നു അബഹാനിയുടെ ജയം. 3-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ അബഹാനിയുടെ തുടർ ആക്രമണങ്ങൾ ആയിരുന്നു കണ്ടത്. എന്നാൽ ഒരു ഡിഫൻസീവ് പിഴവ് മുതലെടുത്ത് ഹെൻറി കിസേക ഗോകുലത്തെ മുന്നിൽ എത്തിച്ചു. കളിയുടെ ഗതിക്ക് വിപരീതമായി പിറന്ന ഗോൾ ഗോകുകത്തിന് താളം നൽകി. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താനും ഗോകുലത്തിനായി.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ചിറ്റഗോങ് സമനില കണ്ടെത്തി. പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. അവസാനം കളിയുടെ 80ആം മിനുട്ടിൽ ക്യാപ്റ്റൻ മാർക്കസ് ഗോകുലത്തിന്റെ ഹീറോ ആയി. മാർകസിന്റെ ഫിനിഷ് ഗോകുലത്തിന്റെ വിജയം ഉറപ്പിച്ചു എന്ന് തന്നെ കരുതി. പക്ഷെ 89ആം മിനുട്ടിൽ ഗോകുലത്തെ ഞെട്ടിച്ച് ചിറ്റഗോംഗ് സ്കോർ ചെയ്തു. 2-2 എന്നായതോടെ കളി എക്സ്ട്രാ ടൈമിൽ എത്തി. എക്സ്ട്രാ ടൈമിൽ ബംഗ്ലാദേശ് ക്ലബ് വിജയ ഗോളും കണ്ടെത്തി.

ഇന്ന് ജയിച്ചിരുന്നു എങ്കിൽ ഈസ്റ്റ് ബംഗാളിന് ശേഷം ഷെയ്ക് കമാൽ കപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീമായി ഗോകുലം കേരള എഫ് സിക്ക് മാറാമായിരുന്നു. ഇതുവരെ ഒരു ഇന്ത്യൻ ക്ലബിനും നേടാൻ കഴിയാത്ത കിരീടമാണ് ഷെയ്ക കമാൽ കപ്പ്. ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിയാതെ ആണ് ഗോകുലം കേരള എഫ് സി സെമിയിലേക്ക് എത്തിയിരുന്നത്. രണ്ട് വിജയങ്ങളും ഒരു സമനിലയുമായിരുന്നു ഗോകുലത്തിന്റെ ഗ്രൂപ്പിലെ പ്രകടനം. ബംഗ്ലാദേശിലെ ലീഗ് ചാമ്പ്യന്മാരായ ബസുന്ദര കിങ്സിനെയും ഇന്ത്യയിലെ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെയുമാണ് ഗോകുലം ഗ്രൂപ്പിൽ അടിയറവ് പറയിപ്പിച്ചത്.

Advertisement