ഞായറാഴ്ച മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ഹോം മത്സരത്തിൽ ഗോകുലം കേരള മണിപ്പൂർ ക്ലബ് ട്രാവു എഫ്‌സിയെ നേരിടും.
ലീഗ് ടേബിളിൽ 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഗോകുലം കേരള നാലാം സ്ഥാനത്തും 16 പോയിന്റുമായി ട്രാവു എഫ്‌സി ആറാം സ്ഥാനത്തുമാണ്.
നാല് മഞ്ഞക്കാർഡ് ലഭിച്ചതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ ജികെഎഫ്‌സിക്ക് അവരുടെ ക്യാപ്റ്റനും ഡിഫെൻഡറുമായ അമീനൗ ബൗബ ഇല്ലാതെ കളിക്കേണ്ടി വരും. അതേസമയം, TRAU FC ബ്രസീലിയൻ അറ്റാക്കർ ഫെർണാണ്ടീഞ്ഞോയെ സൈൻ ചെയ്തു, മലബാരിയൻസിനെതിരെ മണിപ്പൂർ ടീമിനായി അദ്ദേഹം കളിക്കുവാൻ സാധ്യതയുണ്ട്.
മഞ്ചേരിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് എസ്‌സിയെ തകർത്ത് പുതിയ കോച്ച് ഫ്രാൻസെസ് ബോണറ്റഇന്റെ ഗോകുലം കേരള എഫ്‌സി അവരുടെ കിരീട മോഹം നിലനിർത്തി. സ്വന്തം തട്ടകത്തിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത ഗോകുലം മലപ്പുറത്ത് ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് നേടിയിട്ടുണ്ട്.
ട്രാവു മത്സരത്തിന് ശേഷം ഗോകുലം തങ്ങളുടെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് മാറ്റും. “ഞങ്ങൾക്ക് ജയിച്ച് കോഴിക്കോട്ടേക്ക് പോകണം. ട്രാവു ഒരു ശക്തമായ ടീമാണ് , അവർക്ക് നല്ല കളിക്കാരുണ്ട്. ഹോം നേട്ടം ഉള്ളതിനാൽ ഞങ്ങൾ മൂന്ന് പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, ”ഫ്രാൻസെക് ബോണറ്റ് പറഞ്ഞു.
“ബൗബ ഇല്ലെങ്കിൽ അത് ഞങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും, കാരണം അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. എന്നാൽ ബൗബയുടെ റോളുമായി പൊരുത്തപ്പെടാൻ കഴിയുന്ന നല്ല നിലവാരമുള്ള കളിക്കാർ ഞങ്ങൾക്കുണ്ട്, ”അദ്ദേഹം പറഞ്ഞു.
വൈകിട്ട് 4.30 മുതൽ യൂറോസ്‌പോർട്ട്, 24 ന്യൂസ്, ഡിഡി സ്‌പോർട്‌സ് എന്നിവയിൽ മത്സരം തത്സമയം കാണാം.