കൊല്‍ക്കത്ത/ഭൂവനേശ്വര്‍; ജയം തുടരാന്‍ വേണ്ടി ഗോകുലം കേരളയുടെ പുരുഷ വനിതാ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. പുരുഷ ടീം ഐ ലീഗില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഐ.ഡബ്യൂ.എല്ലിലാണ് വനിതാ സംഘം ബൂട്ട്‌കെട്ടുന്നത്.
ഐ ലീഗിലെ തോല്‍വി അറിയാതെ മുന്നേറുന്ന ഗോകുലം തുടര്‍ ജയം തേടി പഞ്ചാബിനെയാണ് ഇന്ന് നേരിടുന്നത്. വൈകിട്ട് അഞ്ചിനാണ് മത്സരം നടക്കുന്നത്. ലീഗില്‍ അവസാന മത്സരത്തില്‍ സുദേവ എഫ്.സിയെ എതിരില്ലാത്ത നാലു ഗോലിന് തകര്‍ത്തതിന്റെ ചെറുതല്ല ആത്മവിശ്വാസം മലബാറിയന്‍സിനുണ്ട്. 11 മത്സരത്തില്‍ നിന്ന് 27 പോയിന്റുമായി നിലവില്‍ ഗോകുലം കേരളയാണ് ഐ ലീഗില്‍ മുന്നില്‍ നില്‍ക്കുന്നത്. ഒരു മത്സരം കൂടുതല്‍ കളിച്ച മുഹമ്മദന്‍സ് 26 പോയിന്റുമായി ഗോകുലത്തിന് തൊട്ടുപിറകെയുണ്ട്. പരിശീലകന്‍ അന്നീസെക്ക് കീഴില്‍ ജയം തുടരാനായിരിക്കും ഗോകുലം കേരളയുടെ നീക്കം.
അതേ സമയം വനിതാ ലീഗിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയ ഗോകുലം ടീം ഇന്ന് എസ്.എസ്.ബി വുമണ്‍ ഫുട്‌ബോള്‍ ക്ലബിനെയാണ് നേരിടുന്നത്. ആദ്യ മത്സരത്തില്‍ ഒഡിഷ പൊലിസിനെ എതിരില്ലാത്ത 12 ഗോളുകള്‍ക്കായിരുന്നു ഗോകുലം കേരള പരാജയപ്പെടുത്തിയത്.
നിലവിലെ കിരീട ജേതാരക്കളായ ഗോകുലം കേരള ഇത്തവണയും ഏറ്റവും ശക്തമായ ടീമിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഗോലുകം താരം മനീഷ കല്യാണ്‍ നേടിയ അഞ്ചു ഗോളിന്റെ കരുത്തിലായിരുന്നു മലബാറിയന്‍സ് മികച്ച ജയം സ്വന്തമാക്കിയത്. ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം തത്സമയം ഇന്ത്യൻ ഫുട്ബോൾ യൂടൂബിലും യൂറോ സ്പോർട് ചാനലിലും കാണാം.