വിജയം തുടർന്ന് ഗോകുലം കേരളം, ഒന്നാം സ്ഥാനത്തിന് 2 പോയിന്റ് മാത്രം പിറകിൽ

Newsroom

ഐ ലീഗിൽ ഗോകുലം കേരള വിജയം തുടരുന്നു. ഇന്ന് നടന്ന എവേ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെയും തോൽപ്പിക്കാൻ ഗോകുലം കേരളക്ക് ആയി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗോകുലത്തിന്റെ വിജയം. ഇത് അവരുടെ തുടർച്ചയായ ആറാം വിജയമാണിത്.

ഗോകുലം കേരള 24 02 24 21 03 04 961

ഇന്ന് ആദ്യ 19 മിനുട്ടുകളിൽ തന്നെ ഗോകുലം കേരള രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. പത്താം മിനുട്ടിൽ സൗരവിന്റെ അസിസ്റ്റിൽ നിന്ന് ക്യാപ്റ്റൻ അലക്സ് സാഞ്ചസ് കേരള ടീമിന് ലീഡ് നൽകി. 19ആം മിനുട്ടിൽ അഭിജിത്ത് ലീഡ് ഇരട്ടിയാക്കി. റിഷാദിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒലിസ് ഒഗാനയിലൂടെ ഒരു ഗോൾ മടക്കാൻ ചർച്ചിൽ ബ്രദേഴ്സിന് ആയെങ്കിലും സമ്മർദ്ദം മറികടന്ന് വിജയം ഉറപ്പിക്കാൻ ഗോകുലം കേരളക്ക് ആയി. ഈ വിജയം ഗോകുലം കേരളയെ ഒന്നാമതുള്ള മൊഹമ്മദൻസിന് രണ്ട് പോയിന്റ് മാത്രം പിറകിൽ എത്തിച്ചു.

ഗോകുലം കേരളക്ക് 16 മത്സരങ്ങളിൽ നിന്ന് 32 പോയിന്റും. മൊഹമ്മദൻസിന് 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമാണ് ഉള്ളത്‌