ഗോകുലത്തിന്റെ ഐ ലീഗ് മത്സരങ്ങൾ ഇനി മുതൽ കോഴിക്കോട് നടക്കും
കോഴിക്കോട്, ജനുവരി 18: ഗോകുലം കേരള എഫ്സിയുടെ ഹോം മത്സരങ്ങൾ ജനുവരി 20 മുതൽ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഗോകുലത്തിന്റെ അടുത്ത ഹോം മത്സരത്തിൽ ജനുവരി 20ന് റിയൽ കാശ്മീർ എഫ്സിയെ നേരിടും.
ഇതുവരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു ഗോകുലം കേരള എഫ്സിയുടെ ഹോം മത്സരങ്ങൾ. ഗോകുലം മഞ്ചേരിയിൽ ആറ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മഞ്ചേരിയിൽ നാല് മത്സരങ്ങളിൽ ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് മലബാറിയൻസ് നേടിയത്.
11 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. ഗോകുലത്തിന് കോഴിക്കോട് അഞ്ച് മത്സരങ്ങളാണുള്ളത്, ഐ ലീഗിൽ ആറു എവേ മത്സരങ്ങൾ കൂടി കളിക്കും.
ഈ വർഷത്തിന്റെ തുടക്കത്തിൽ ഗോകുലം സ്പാനിഷ് പരിശീലകൻ ഫ്രാൻസെസ് ബോണറ്റിനെ മുഖ്യ പരിശീലകനായി നിയമിച്ചു. ആക്രമണം ശക്തമാക്കാൻ സ്പാനിഷ് താരങ്ങളായ സെർജിയോ മെൻഡി, ഒമർ റാമോസ് എന്നിവരെയും അവർ കരാർ ചെയ്തിട്ടുണ്ട്.
ഗോകുലത്തിൽ പുതിയ സ്ട്രൈക്കർമാർ
ഗോകുലം സ്ട്രൈക്കർമാരായ ജോബി ജസ്റ്റിൻ, കിർഗിസ്ഥാൻ സ്ട്രൈക്കർ എൽദാർ മൊൾഡോഷുനുസോവ് എന്നിവരെ സൈൻ ചെയ്തു. കേരള സ്ട്രൈക്കർ ജോബി ജസ്റ്റിൻ, കിർഗിസ്ഥാനിൽ നിന്നുള്ള വിദേശതാരം എൽദാർ മൊൾഡോസുനുസോവ് എന്നീ രണ്ട് പ്രധാന സൈനിംഗുകളിലൂടെ ഗോകുലം കേരള എഫ്സി അവരുടെ ആക്രമണ നിര ശക്തിപ്പെടുത്തി.
കെ സ് ഇ ബിക്കു വേണ്ടി കരിയർ ആരംഭിച്ച ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാൾ എഫ്സി, എടികെ, ചെന്നൈയിൻ എഫ്സി എന്നിവയ്ക്കായി കളിച്ചു. ഏതാനും സീസണുകൾക്ക് മുമ്പ് ഈസ്റ്റ് ബംഗാൾ എഫ്സിക്ക് വേണ്ടി കളിക്കുമ്പോഴാണ് അദ്ദേഹം ശ്രദ്ധേയനായത്.
17 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയ ജോബി 2018-19 ഐ ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു.
ഈ സീസണിൽ ചെന്നൈയിൻ എഫ്സി ടീമിനായി ഐഎസ്എല്ലിൽ ഇതിനകം 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2019-ൽ ഇന്ത്യൻ ടീമിലേക്ക് വിളിക്കപ്പെട്ടു. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ദേശീയ ടീമിനായി 3 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് ജോബി.
കിർഗിസ് പ്രീമിയർ ലീഗിൽ 73 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടിയ കിർഗിസ്ഥാൻ സ്ട്രൈക്കറാണ് എൽദാർ മൊൾഡോസുനുസോവ്. കിർഗിസ് ടോപ്പ് ലീഗിൽ നെഫ്ച്ചി കൊച്ച്കോർ-അറ്റയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മധ്യനിര താരം ജുവാൻ നെല്ലറിന് പകരക്കാരനായാണ് താരം എത്തുന്നത്.