ഗോകുലം കേരള 2- നിത ക്ലബ് 0
ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ലീഗിൽ ജയം തുടർന്ന് ഗോകുലം കേരള. ഇന്നലെ നടന്ന എവേ മത്സരത്തിൽ നിത ഫുട്‌ബോൾ ക്ലബിനെയാണ് ഗോകുലം തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ലീഗിലെ ഗോകുലം കേരളയുടെ തുടർച്ചയായ നാലാം ജയമായിരുന്നു ഇന്നലത്തേത്.

മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഗോൾ നേടാൻ ഗോകുലത്തിനായി. രണ്ടാം മിനുട്ടിൽ ശുഭാങ്കിയായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ഗോകുലം പിന്നീട് എതിർ ടീമിന്റെ ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ പലപ്പോവും നിർഭാഗ്യം കൊണ്ട് ഗോൾ നഷ്ടപ്പെട്ടു. നിതയുടെ മുന്നേറ്റങ്ങളെയെല്ലാം മധ്യനിരയിൽ ശിൽക്കി ദേവിയുടെ നേതൃത്വത്തിലുള്ള നിര തകർത്തുകൊണ്ടിരുന്നു.
അവസാന നിമിഷങ്ങളിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോൾ. മധ്യനിര താരം ശിൽക്കി ദേവിയായിരുന്നു രണ്ടാം ഗോൾ നേടിയത്. പിന്നീട് നിതക്ക് തിരിച്ചുവരവുനുള്ള സമയം ഉണ്ടായിരുന്നില്ല.
ഏഴ് മത്സരത്തിൽനിന്ന് 17 പോയിന്റുള്ള ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഈസ്റ്റ് ബംഗാൾ ഒന്നാംസ്ഥാനത്തുമുണ്ട്. ഏഴു മത്സരം കളിച്ച ഗോകുലം അഞ്ച് എണ്ണത്തിൽ ജയിക്കുകയും രണ്ട് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. ഈ മാസം 15ന് ഒഡിഷയിൽ വച്ച്’ ഒഡിഷ’എഫ്.സിക്കെതിരേയാണ് വനിതകളുടെ ലീഗിലെ അടുത്ത മത്സരം.