ആദ്യ മത്സരങ്ങളിൽ വിജയത്തോടെ കുതിക്കുകയായിരുന്ന ഗോകുലം കേരളയും റിയൽ കാശ്‌മീരും നേർക്കുനേർ വന്നപ്പോൾ സമനില കുരുക്ക്. ശ്രീനഗറിൽ റിയൽ കാശ്‌മീരിന്റെ തട്ടകത്തിൽ നടന്ന മത്സരം ഗോൾരഹിതമായി അവസാനിച്ചു. നേരത്തെ ആദ്യ മത്സരങ്ങളിൽ ഗോകുലം മുഹമ്മദൻസിനെയും ഐസാളിനേയും കീഴടക്കിയപ്പോൾ റിയൽ കശ്മീർ രാജസ്ഥാൻ, നേറോക്ക എഫ്സി എന്നിവരെ തോല്പിച്ചിരുന്നു. ഇതോടെ റൗണ്ട്ഗ്ലാസ് പഞ്ചാബിന് അടുത്ത മത്സരത്തിലും വിജയം നേടാൻ ആയാൽ പോയിന്റ് പട്ടികയിൽ രണ്ടു പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്തെത്താം.
പതിവ് പോലെ ആരവങ്ങളുമായി റിയൽ കശ്മീർ ആരാധകർ സ്റ്റേഡിയം നിറച്ചിരുന്നു. കരുത്തരായ എതിരാളികൾക്കെതിരെ ഇരു ടീമുകളും സൂക്ഷിച്ചാണ് പന്ത് തട്ടിയത്. പന്ത് കൈവശം വെക്കാൻ ഇരു ടീമുകളും കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ അധികം അവസരങ്ങൾ തുറന്നെടുത്തില്ല. ആറാം മിനിറ്റിൽ അർജുൻ ജയരാജ് ബോക്‌സിൽ നിന്നും തൊടുത്ത ഷോട്ട് നേരെ കശ്മീർ കീപ്പർ സുഭാഷിഷിന്റെ കൈകളിൽ പതിച്ചു. ഇരുപത്തിയൊന്നാം മിനിറ്റിൽ അർജുൻ നൽകിയ ബോളിൽ സോംലാഗ ഷോട്ട് ഉതിർത്തെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു. രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ ഒന്നും പിറന്നില്ല. എൺപതാം മിനിറ്റിൽ റിയൽ കശ്മീരിന്റെ കോർണറിൽ നിന്നെത്തിയ ബോൾ ജസ്റ്റിൻ വലയിലേക്ക് തിരിച്ചു വിട്ടെങ്കിലും കീപ്പർ ഷിബിൻരാജ് രക്ഷകനായി. ഷിബിൻ തന്നെയാണ് “ഹീറോ ഓഫ് ദ മാച്ചും”. കരുത്തരായ എതിരാളികൾക്കെതിരെ തോൽവി ഒഴിവാക്കാൻ ആയത് ഇരു ടീമുകൾക്കും ആശ്വാസമാകും.