കാമറൂണിയൻ പരിശീലകൻ റിച്ചാർഡ് തോവയ്ക്ക് പകരക്കാരനായി രാജസ്ഥാൻ യുണൈറ്റഡിന്റെ മുൻ പരിശീലകൻ ഫ്രാൻസിസ് ബോണറ്റിനെ ഗോകുലം കേരള എഫ്‌സി നിയമിച്ചു.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയുടെ മുഖ്യ പരിശീലകനായിരിന്നു ഫ്രാൻസെസ് ബോണറ്റ്. 29 വയസ്സുള്ള പരിശീലകൻ സ്പെയിനിലെ ബാർസിലോണ സ്വദേശിയാണ്.
കഴിഞ്ഞ സീസണിൽ കോച്ച് തന്റെ സുഗമമായ, പ്രബലമായ കളി ശൈലിക്ക് പേരുകേട്ടതാണ്. സീസണിൽ ഐലീഗിൽ അരങ്ങേറ്റം കുറിച്ച രാജസ്ഥാൻ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
കറ്റാലൻ ക്ലബായ എഫ്‌സി മാർട്ടിനെൻക്, സിഇ എൽ ഹോസ്പിറ്റലറ്റ്, യുഡി പാർക്ക്, സിഎഫ് അൽമോഗവർസിന്റെ പരിശീലകനായി തുടങ്ങിയ ബോണറ്റ് ബാർസിലോണയിലെ ബാർസ അക്കാഡമിയിലും പരിശീലകനായി പ്രവർത്തിച്ചു.
21-ാം വയസ്സിൽ അദ്ദേഹത്തിന് യുവേഫ പ്രോ ലൈസൻസ് ലഭിച്ചു.
രാജസ്ഥാൻ യുണൈറ്റഡ് വിട്ടതിന് ശേഷം ബോണറ്റ് ഗ്വാട്ടിമാലൻ ക്ലബ്ബായ സാന്താ ലൂസിയ കോട്സുമാൽഗുപായിൽ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചു.
രണ്ട് ദിവസത്തിനകം അദ്ദേഹം ഗോകുലത്തിന്റെ കോഴിക്കോട്ടുള്ളക്യാമ്പിൽ ചേരുമെന്നാണ് കരുതുന്നത്.
“ഗോകുലത്തിൽ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആരാധകർ ടീമിനെ ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്റെ ടീമുകൾ പന്ത് ഉപയോഗിച്ച് ഗെയിമുകളിൽ ആധിപത്യം സ്ഥാപിക്കുകയും ധാരാളം അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും, ഇവിടെ ഞങ്ങൾക്ക് അതിനുള്ള കളിക്കാരുണ്ട്, ”ക്ലബുമായി കരാർ ഒപ്പിട്ട ശേഷം ഫ്രാൻസ് ബോണറ്റ് പറഞ്ഞു.
“ബോണറ്റ് ചെറുപ്പക്കാരനായ പരിശീലകനാണ്. ക്ലബ്ബിന്റെ – ആക്രമണ ഫുട്ബോളിന് സമാനമായ ഫിലോസഫിയാണ് അദ്ദേഹത്തിനുള്ളത്. രാജസ്ഥാൻ യുണൈറ്റഡിൽ പരിശീലിച്ചപ്പോൾ അദ്ദേഹത്തിന്റെ കളിശൈലി ഞങ്ങളെ ആകർഷിച്ചു, ഇവിടെയും അദ്ദേഹത്തിന് ഫ്ലൂയിഡ് ഗെയിം ആവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ സീസണിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു,” ക്ലബ് പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.