ഒലിവർ ജിറൂഡിനെ നിലനിർത്താനുള്ള എസി മിലാന്റെ ശ്രമങ്ങൾ പരിസമാപ്തിയിലേക്ക്. പുതിയ കരാർ സംബന്ധിച്ച് ജിറൂഡും മിലാനും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ചകളിൽ തന്നെ കരാറിൽ ഔദ്യോഗികമായി ഒപ്പിടുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ നിലവിലെ കരാർ ജൂണോടെ അവസാനിക്കും എന്നതിനാൽ ജിറൂഡിനെ നിലനിർത്താനുള്ള നീക്കങ്ങൾ മിലാൻ നേരത്തെ ആരംഭിച്ചിരുന്നു. ഒരു വർഷത്തേക്കാണ് പുതിയ കരാർ എന്നാണ് സൂചനകൾ. ഇത് മറ്റൊരു സീസനിലേക്ക് കൂടി നീട്ടാൻ സാധിക്കും. ഇതോടെ 2025 വരെ മിലാനിൽ തുടരാൻ ഫ്രഞ്ച് താരത്തിനാകും.
ലോകകപ്പിലെ ഗംഭീര പ്രകടനത്തിന് ശേഷം കൂടുതൽ ഊർജത്തോടെ മിലാൻ ജേഴ്‌സയിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിൽ ആണ് ജിറൂഡ്. ഈ പ്രകടനം അമേരിക്കയിൽ നിന്നടക്കമുള്ള ടീമുകളെ താരത്തിലേക്ക് ആകർഷിക്കുന്നതിന് മുൻപായി മിലാന് പുതിയ കരാർ നൽകേണ്ടതുണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ടീം ശക്തിയാർജിക്കുന്ന അവസരത്തിൽ ജിറൂഡിനെ പോലെ അനുഭവസമ്പന്നനായ ഒരു താരത്തിന്റെ സാന്നിധ്യം നിർണായകമാകും എന്നാണ് മിലാന്റെ കണക്ക് കൂട്ടൽ. മറ്റൊരു താരമായ ബെന്നാസെറുമായും മിലാൻ പുതിയ കരാർ ചർച്ചകൾ നടത്തുന്നുണ്ട്.