ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയെ സെർബിയ സമനിലയിൽ തളച്ചു. ടീമിൽ അടിമുടി മാറ്റങ്ങളുമായായിരുന്നു ജർമ്മനി ഇന്നലെ ഇറങ്ങിയത്. എന്നാൽ പുതിയ താരങ്ങളുമായി ഇറങ്ങിയ ജർമ്മനിക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കളിയുടെ തുടക്കത്തിൽ തന്നെ ജോവിചിന്റെ ഗോളിൽ സെർബിയ മുന്നിൽ എത്തി. പിന്നീട് പൊരുതേണ്ടി വന്ന ജർമ്മനി രണ്ടാം പകുതിയിലാണ് സമനില ഗോൾ കണ്ടെത്തിയത്.
കളിയുടെ 69ആം മിനുട്ടിൽ റൂയിസ് നൽകിയ പാസിൽ നിന്ന് ഗൊരെസ്കയാണ് ജർമ്മനിയുടെ സമനില ഗോൾ നേടിയത്. നേരത്തെ സീനിയർ താരങ്ങളെ ഇനിയും ടീമിലേക്ക് പരിഗണിക്കേണ്ടതില്ല എന്ന തീരുമാനം ജർമ്മൻ പരിശീലകൻ ലോവ് എടുത്തിരുന്നു. ഇന്നലെ നടന്ന മത്സരത്തിനിടയിൽ മാഞ്ചസ്റ്റർ സിറ്റി താരം ലൊരെ സാനെയ്ക്ക് പരിക്കേറ്റത് ആശങ്കയുണ്ടാക്കി. സെർബിയൻ ടാക്കിളിൽ ഗ്രൗണ്ടിക് വീണ സാനെയ്ക്ക് ഗുരുതര പരിക്കേറ്റെന്ന് ആദ്യം തോന്നിപ്പിച്ചു എങ്കിലും പരിക്ക് സാരമുള്ളതല്ല എന്ന് താരം തന്നെ അറിയിച്ചു.













