ലോകകപ്പിന് മുന്നോടിയായി ഒരു സൗഹൃദ മത്സരം കളിക്കാൻ ജർമ്മനിയും ഹോളണ്ടും. ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് രണ്ട് മത്സരങ്ങളിലാണ് ലോകകപ്പിന് മുന്നോടിയായി ജർമ്മനി കളിക്കുക. യൂറോപ്യൻ റൈവലായ ഹോളണ്ടിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ആയിരുന്നു ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ ഷെഡ്യൂൾ ചെയ്ത മത്സരങ്ങൾ. പുതിയ കൊറോണ വാരിയന്റായ ഓമ്രികോൺ വന്നതിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം ഉപേക്ഷിക്കാനാണ് ജർമ്മനിയുടെ തീരുമാനം.
സൗഹൃദ മത്സരത്തിനായി പുതിയ ടീമിനെ തേടുകയാണ് ഡിഎഫ്ബി. ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ റൈവലറികളിൽ ഒന്നാണ് ഹോളണ്ടും ജർമ്മനിയും തമ്മിലുള്ളത്. രണ്ടാം ലോകകഹായുദ്ധവും ജർമ്മനിയുടെ ഹോളണ്ട് അധിനിവേശവുമെല്ലാം ഫുട്ബോൾ റൈവലറിക്ക് പുറമേ മറ്റൊരു തലത്തിലേക്ക് ഈ മത്സരങ്ങളെ മാറ്റിയിരുന്നു. ഹോളണ്ടിനെതിരെ ഇതുവരെ ജർമ്മനി 44 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 16 മത്സരങ്ങൾ ജർമ്മനി ജയിച്ചപ്പോൾ ഹോളണ്ട് 12 മത്സരങ്ങളിൽ ജയിച്ചു. 16 സമനിലകളും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പിറന്നു.