120 ആം മിനുട്ടിൽ പെനാൽറ്റിയുമായി റിയൂസ്, പൊരുതി ജയിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

ജർമ്മൻ കപ്പിൽ ബൊറൂസിയ ഡോർട്ട്മുണ്ട് പൊരുതി ജയിച്ചു. രണ്ടാം ഡിവിഷൻ ക്ലബായ യൂണിയൻ ബെർലിനെതിരെയാണ് ജർമ്മൻ കപ്പിൽ ഡോർട്ട്മുണ്ട് പൊരുതി ജയിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡോർട്ട്മുണ്ടിന്റെ ജയം. ക്യാപ്റ്റൻ റിയൂസിന്റെ 120 ആം മിനുട്ടിലെ പെനാൽറ്റിയാണ് ഡോർട്ട്മുണ്ടിന് ജയം നേടിക്കൊടുത്തത്. ചുവപ്പ് കാർഡ് കണ്ടു യൂണിയൻ ബെർലിൻ താരം ഫ്രേയ്ഡറിച്ച് പുറത്തു പോയതിനു പിന്നാലെയാണ് ഡോർട്ട്മുണ്ടിന്റെ ജയം.

പതിനൊന്നു മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് ഡോർട്ട്മുണ്ട്. യൂണിയൻ ബെർലിനോട് പരാജയപ്പെട്ടിരുന്നെങ്കിൽ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പിൽ നിന്നും പുറത്തു പോയേനെ. പുലിസിച്ചാണ് ഡോർട്ട്മുണ്ടിന്റെ ആദ്യ ഗോൾ നേടിയത്. മാക്സിമില്യൻ ഫിലിപ്പ് ലീഡുയർത്തി. എന്നാൽ മുൻ ക്യുഎൻസ് പാർക്ക് റാങ്കെർസ് താരം സെബാസ്റ്റ്യൻ പൊൽട്ടറുടെവിരട്ട ഗോളുകൾ മത്സരം അധിക സമയത്തേക്ക് നയിച്ചു. വീണ്ടും ഒരു കൂറ്റൻ അട്ടിമറി ജർമ്മൻ കപ്പിൽ നടക്കുമെന്ന് തോന്നിച്ചിടത്താണ് ക്യാപ്റ്റൻ റിയൂസ് ഡോർട്ട്മുണ്ടിന് രക്ഷയ്ക്കെത്തിയത് .