ആരാധകരുടെയും മാധ്യമ പ്രവർത്തകരുടെയും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബക്ക് പിന്തുണയുമായി ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ്. ദെഷാംപ്‌സിനു കീഴിൽ റഷ്യ ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു പോഗ്ബ കാഴ്ചവെച്ചത്.
സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി എല്ലാ മത്സരത്തിലും ഫോം കണ്ടെത്താൻ പോഗ്ബക്കായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനെതിരെ ഗോൾ നേടാൻ സഹായിച്ചെങ്കിലും വോൾവ്‌സ് ഗോൾ നേടിയത് പോഗ്ബയുടെ പിഴവിൽ നിന്നായിരുന്നു.
പോഗ്ബയെ മാധ്യമങ്ങളും ആരാധകരും ആവശ്യമില്ലാതെ വിമർശിക്കുകയാണെന്നും ദെഷാംപ്‌സ് പറഞ്ഞു. തന്റെ വ്യക്തിഗത പ്രകടനങ്ങൾക്കാണ് പോഗ്ബ മുൻതൂക്കം നൽകുന്നതെന്ന വാദത്തെയും ഫ്രാൻസ് പരിശീലകൻ തള്ളി കളഞ്ഞു. പോഗ്ബ മികച്ചൊരു ടീം പ്ലയെർ ആണെന്നും ദെഷാംപ്‌സ് പറഞ്ഞു.
കഴിഞ്ഞ സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ പോഗ്ബ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. പോഗ്ബ ബാഴ്‌സലോണയിലേക്ക് മാറുമെന്നായിരുന്നു വാർത്തകൾ. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുകയായിരുന്നു.