നാല് വർഷം മുൻപ് നേടിയ ലോകകിരീടം നിലനിർത്താൻ ഫ്രാൻസ് ഇറങ്ങുന്നു. റഷ്യയിലെ ആവർത്തനമെന്നോണം ഇത്തവണയും ഓസ്‌ട്രേലിയ തന്നെയാണ് ആദ്യ മത്സരത്തിൽ ലോകചാംപ്യന്മാരുടെ എതിരാളികൾ. പരിക്ക് മൂലം ചില പ്രമുഖ താരങ്ങളെ നഷ്ടമായങ്കിലും പ്രതിഭകൾക്ക് ഒട്ടും കുറവില്ലാത്ത ഫ്രഞ്ച് ടീമിന്റെ ശക്തി ചോർന്നിട്ടിലെന്ന് തെളിയിക്കാൻ തന്നെ ആവും അവർ ആദ്യ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് ആരംഭിക്കുക.
എമ്പാപ്പെ തന്നെയാണ് ഇത്തവണയും ടീമിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കരീം ബെൻസിമ അവസാന നിമിഷം പിന്മാറിയതോടെ ഒലിവർ ജിറൂഡ് ആവും പകരം ആദ്യ ഇലവനിലേക്ക് എത്തുന്നത്. എൻകുങ്കുവിന്റെ പിന്മാറ്റവും മുൻനിരയിൽ തിരിച്ചടിയാണെങ്കിലും കോമാൻ, ഡെമ്പലെ എന്നിവർ ടീമിന് കരുത്തു പകരും. കളി മെനയാൻ ഗ്രീസ്മാൻ തന്നെ എത്തും. പോഗ്ബ, കാന്റെ എന്നിവർ ഇല്ലാതെ എത്തുന്ന മധ്യനിരയുടെ പ്രകടനം ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമാകും. റാബിയോട്ടിനൊപ്പം ചൗമേനിയോ കമാവിംഗയോ ആവും മധ്യനിരയിൽ എത്തുക. കിംപെമ്പേ ഇല്ലെങ്കിലും വരാൻ, ജൂൾസ് കുണ്ടേ, ലൂക്കാസ് ഹെർണാണ്ടസ്, വില്യം സാലിബ, ഉപമേങ്കാനോ, കൊനാറ്റെ എന്നിവർ അടങ്ങിയ ഡിഫെൻസ് കരുത്തുറ്റതാണ്.
സെൽറ്റിക് താരം ആരോൻ മൂയ് നയിക്കുന്ന മധ്യനിരയിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ദേശിയ ടീമിന്റെ ടോപ്പ്സ്‌കോറർ മാത്യു ലെക്കിയും ചേരുമ്പോൾ ലോകചാംപ്യന്മാർക്കെതിരെ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കാം എന്നാവും സോക്കറൂസ് കണക്ക് കൂട്ടുന്നത്.