മുൻ ഉറുഗ്വ താരം ഫോർലാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു

Staff Reporter

മുൻ ഉറുഗ്വ താരം ഡിയേഗോ ഫോർലാൻ ഫുട്ബോളിൽ നിന്ന് വിരിച്ചു. 40കാരനായ ഫോർലാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ, വിയ്യാറയൽ, മുംബൈ സിറ്റി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ താരം കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹാട്രിക്കും നേടിയിട്ടുണ്ട്.  അവസാനമായി ഹോങ്കോങ് ക്ലബായ കിച്ചീയുടെ താരമായിരുന്നു. ഉറുഗ്വയുടെ കൂടെ 2010 ലോകകപ്പിൽ ഫോർലാൻ നടത്തിയ വിരോചിത പ്രകടനം ഫുട്ബോൾ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രമാണ്.

2010 ലോകകപ്പിൽ ഉറുഗ്വ സെമി ഫൈനലിൽ എത്തിയപ്പോൾ ഫോർലാൻ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.  ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും  ഗോളടിക്കുള്ള ഗോൾഡൻ ബൂട്ടും താരം സ്വന്തമാക്കിയിരുന്നു. അർജന്റീന ക്ലബായ ഇൻഡിപെൻഡിയെന്റെയിലൂടെ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ഫോർലാൻ ആരംഭിക്കുന്നത്. തുടർന്ന് ഫോർലാൻ 2001ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയായിരുന്നു. തന്റെ അവസാന കാലങ്ങളിൽ ഇന്റർനാസിയോണലിന് വേണ്ടിയും സെറെസോ ഒസാകാ, പേനറോൾ, കിച്ചീ എന്നീ ടീമുകൾക്ക് വേണ്ടിയും ബൂട്ടകെട്ടിയിട്ടുണ്ട്. തന്റെ 20 വർഷത്തെ കരിയറിൽ ഫോർലാൻ 582 മത്സരങ്ങളിൽ നിന്നായി 221 ഗോളുകളും 74 അസിസ്റ്റുകളും നേടിയിട്ടുണ്ട്.