ക്രൊയേഷ്യൻ താരം മരിയോ മാൻസുകിച് ഫുട്‌ബോളിൽ നിന്നു വിരമിച്ചു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രൊയേഷ്യയുടെ ഇതിഹാസ സമാനനായ മുന്നേറ്റ നിര താരം മരിയോ മാൻസുകിച് ഫുട്‌ബോളിൽ നിന്നു വിരമിച്ചു. ഗോളടി മികവിന് ഒപ്പം മികച്ച ഹെഡറുകൾക്ക് പേരുകേട്ട താരം ടീമിനായി എല്ലാം നൽകുന്ന കളത്തിൽ കഠിനാധ്വാനിയായ താരങ്ങളിൽ ഒരാളാണ്. ഡൈനാമ സാസ്ബർഗിലൂടെ ശ്രദ്ധിക്കപ്പെട്ട മാൻസുകിച് പിന്നീട് ജർമ്മൻ ക്ലബ് വോൾവ്സ്ബർഗിൽ എത്തിയതോടെയാണ് വലിയ ക്ലബുകളുടെ നോട്ടപ്പുള്ളി ആവുന്നത്. തുടർന്ന് ബയേൺ മ്യൂണിക്കിൽ എത്തിയ താരം ശ്രദ്ധേയമായ നേട്ടങ്ങൾ ആണ് അവിടെ കൈവരിച്ചത്. തുടർന്ന് അത്ലറ്റികോ മാഡ്രിഡ്, യുവന്റസ് ക്ലബുകളിലും മാൻസുകിച് ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി.

2019 ൽ ഖത്തർ ക്ലബ് അൽ ദുഹായിൽ എത്തിയ മാൻസുകിച് 2021 തുടക്കത്തിൽ എ. സി മിലാനിലും എത്തി. കരാർ അവസാനിച്ചതിൽ തുടർന്ന് പല ക്ലബുകളിൽ നിന്നു താരത്തിന് വാഗ്ദാനങ്ങൾ ലഭിച്ചു എങ്കിലും താരം വിരമിക്കൽ പ്രഖ്യാപിക്കുക ആയിരുന്നു. ബയേണിനു ആയി 88 കളികളിൽ നിന്നു 48 ഗോളുകൾ അടിച്ച മാൻസുകിച് 2 ബുണ്ടസ്ലീഗ കിരീടം, ചാമ്പ്യൻസ് ലീഗ് കിരീടം, ക്ലബ് ലോകകപ്പ് അടക്കം നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. അത്ലറ്റികോയിൽ 43 കളികളിൽ നിന്നു 20 ഗോളുകൾ നേടിയ മാൻസുകിച് യുവന്റസിൽ 162 കളികളിൽ നിന്നു 44 ഗോളുകൾ ആണ് നേടിയത്. യുവന്റസിൽ 4 സീരി എ കിരീടങ്ങളും 3 സൂപ്പർ ഇറ്റാലിയ കിരീടങ്ങളും താരം നേടിയിരുന്നു. 2012, 2013 ൽ ക്രൊയേഷ്യൻ ഫുട്‌ബോളർ ആയി തിരഞ്ഞെടുത്ത മാൻസുകിച് 89 കളികളിൽ നിന്നു 33 ഗോളുകൾ ആണ് രാജ്യത്തിനു ആയി നേടിയിട്ടുണ്ട്.

2018 ലോകകപ്പ് സെമിയിലും ഫൈനലിലും ഗോൾ നേടിയ മാൻസുകിച് അവരെ ലോകകപ്പ് രണ്ടാം സ്ഥാനത്ത് എത്തിക്കാൻ നിർണായക പങ്ക് ആണ് വഹിച്ചത്. ലോകകപ്പ് സെമിയിൽ എക്സ്ട്രാ സമയത്ത് 109 മിനിറ്റിൽ മാൻസുകിച് നേടിയ ഗോൾ ആണ് അവരെ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നൽകിയത്. 2017 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാൻസുകിച് റയൽ മാഡ്രിഡിന് എതിരെ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ യുഫേഫയുടെ ആ വർഷത്തെ മികച്ച ഗോൾ ആയി തിരഞ്ഞെടുത്തിരുന്നു. തന്റെ കരിയറിൽ മുഖ്യ പങ്ക് വഹിച്ച എല്ലാവർക്കും നന്ദി പറഞ്ഞ മാൻസുകിച് താൻ തന്റെ കരിയറിൽ പരിപൂർണ്ണ തൃപ്തനും നേട്ടങ്ങളിൽ അഭിമാനണെന്നും സാമൂഹിക മാധ്യമത്തിലെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു. ക്രൊയേഷ്യൻ ഫുട്‌ബോളിലെ സുവർണ തലമുറയിലെ പ്രമുഖ താരമായ 35 കാരനായ മരിയോ മാൻസുകിച് ബൂട്ട് അഴിക്കുന്നത് ആരാധകർക്ക് സങ്കടം തന്നെയാണ് പകരുക.