മുൻ ബ്രസീൽ പരിശീലകൻ ടിറ്റെ ഇനി ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോയുടെ പരിശീലകൻ. 2024 അവസാനം വരെ നീണ്ടുനിൽക്കുന്ന കരാറിൽ അദ്ദേഹം ഒപ്പുവെച്ചു. ആറ് വർഷത്തോളം ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ ആയിരുന്നു ടിറ്റെ. ടിറ്റെയുടെ കൂടെ ബ്രസീലിയൻ ദേശീയ ടീമിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് പരിശീകരും ഫ്ലെമെംഗോയിൽ അദ്ദേഹത്തിനൊപ്പം ഉണ്ടാകും.
ബ്രസീലിൽ കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ ആയിരുന്നു ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായത്. ഒക്ടോബർ 19 ന് ബ്രസീലിയൻ ചാമ്പ്യൻഷിപ്പ് ഗെയിമിൽ ക്രൂസെയ്‌റോയെ നേരിട്ടു കൊണ്ട് അദ്ദേഹം തന്റെ പുതിയ ക്ലബിലെ ജോലി ആരംഭിക്കും.
കഴിഞ്ഞ ആഴ്ച ഫ്ലെമെംഗോ അവരുടെ മുൻ കോച്ച് ജോർജ്ജ് സാമ്പവോളിയെ പുറത്താക്കിയിരുന്നു. നിലവിൽ 26 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി ബ്രസീലിയൻ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഫ്ലെമെംഗോ ഉള്ളത്.