ഇത്തിരി താമസിച്ചു എങ്കിലും ഉറുഗ്വേ അവരുടെ കരുത്ത് കാണിച്ച രാത്രി ആയിരുന്നു ഇത്. വിജയം നിർബന്ധമായിരുന്ന മത്സരത്തിൽ ഘാനയെ തോൽപ്പിച്ച് കൊണ്ട് ഒരു വീരോചിത പോരാട്ടം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഉറുഗ്വേയുടെ വിജയം. പക്ഷെ ജയിച്ചിട്ടും ഉറുഗ്വേ ലോകകപ്പിൽ നിന്ന് പുറത്തേക്ക് പോയി. ഘാന ഈ പരാാജയത്തോടെ ലോകകപ്പിന് പുറത്തേക്കും പോയി.
2010ലെ കണക്ക് തീർക്കാൻ ആണ് ഘാന ഇറങ്ങിയത് എങ്കിലും മറ്റൊരു വേദനിക്കുന്ന ഓർമ്മ മാത്രമായി ഘാനക്ക് ഈ മത്സരം മാറി. കളി നന്നായി തുടങ്ങിയ അവർക്ക് 21ആം മിനുട്ടിൽ ലീഡ് എടുക്കാൻ ഒരു സുവർണ്ണാവസരം ലഭിച്ചു. ഒരു പെനാൾട്ടി. 2010ൽ ജ്യാനിന് പറ്റിയത് പോലെ ഇന്ന് ആന്ദ്രു അയുവിനും പറ്റി. പെനാൾട്ടി ലക്ഷ്യം കണ്ടില്ല. ഇതോടെ ഘാന തകരാൻ തുടങ്ങി.
26ആം മിനുട്ടിൽ അരസ്കെറ്റയിലൂടെ ഉറുഗ്വേ മുന്നിൽ. സുവാരസിന്റെ ഷോട്ട് ഘാന കീപ്പർ തടഞ്ഞു എങ്കിലും റീബൗണ്ടിൽ ഫ്ലമംഗോ താരം വല കണ്ടെത്തുക ആയിരുന്നു. ഇതിനു പിന്നാലെ 30ആം മിനുട്ടിലും അരസ്കെറ്റോ ഗോൾ നേടി. ഈ ഗോളും സുവാരസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു. സ്കോർ 2-0.
ഉറുഗ്വേ ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. പിന്നെ ഉറുഗ്വേയുടെ ശ്രദ്ധ പോർച്ചുലും കൊറിയയും തമ്മിലുള്ള മത്സരത്തിൽ ആയി. അവിടെ ഇഞ്ച്വറി ടൈ വരെ കളി 1-1 എന്നായിരുന്നു. അപ്പോൾ കൊറിയ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആയിരുന്നു. എന്നാൽ ഇഞ്ച്വറി ടൈമിൽ കൊറിയ പോർച്ചുഗലിന് എതിരെ ലീഡ് എടുത്തു. ഗ്രൂപ്പ് ആകെ മാറി. കൊറിയ നാലു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒരു ടീമുകൾക്കും 4 പോയിന്റ്. ഉറുഗ്വേയും കൊറിയയും തമ്മിലുള്ള ഗോൾഡ് ഡിഫറൻസും തുല്യം. കൂടുതൽ ഗോൾ അടിച്ചു എന്നത് കൊണ്ട് കൊറിയ രണ്ടാം സ്ഥാനത്ത്.
ഒരു ഗോൾ കൂടെ നേടിയാൽ ഉറുഗ്വേക്ക് രണ്ടാമത് എത്താമായിരുന്നു എങ്കിലും അവർക്ക് അതിന് സാധിച്ചില്ല. ജയിച്ചിട്ടും ഉറുഗ്വേ പുറത്ത്. കൊറിയയും പോർച്ചുഗലും പ്രീക്വാർട്ടറിലേക്ക്.