U-17 ലോകകപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ മുന്നോട്ട്

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ ആതിഥേയർക്ക് മൂന്നാം വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അംഗോളയെ ആണ് ബ്രസീൽ പരാജയപ്പെടുത്തിയത്. പ്രമുഖർക്ക് ഒക്കെ വിശ്രമം നൽകിയിട്ടും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കാൻ ബ്രസീലിനായി. രണ്ടാം പകുതിയിൽ ആയിരുന്നു ബ്രസീലിന്റെ രണ്ട്‌ ഗോളുകളും പിറന്നത്.

68ആം മിനുട്ടിൽ മാഗ്നോ ആണ് ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത്. പിന്നാലെ 77ആം മിനുട്ടിൽ വെറോ രണ്ടാം ഗോളും നേടി. ബ്രസീലിന്റെ മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ 9 പോയന്റുമായി ബ്രസീൽ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ബ്രസീലിന്റെ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ന്യൂസിലൻഡ് കാനഡയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.