ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ സ്വിറ്റ്സർലാന്റ് വിജയം കണ്ടെത്തി. സെർബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് സ്വിറ്റ്സർലാന്റ് പരാജയപ്പെടുത്തിയത്. ഈ വിജയം അവരുടെ പ്രീക്വാർട്ടർ യോഗ്യതയും ഉറപ്പിച്ചു.
ഇന്ന് സ്വിറ്റ്സർലാന്റും സെർബിയയും തമ്മിലുള്ള മത്സരം ഇരു ടീമുകൾക്കും ഒരുപോലെ നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ എല്ലാ ആവേശവും ആ മത്സരത്തിന് ഉണ്ടായിരുന്നു. കളി ആരംഭിച്ച് 20ആം മിനുട്ടിൽ വെറ്ററൻ താരം ഷഖീരിയിലൂടെ സ്വിസ് പട ലീഡ് എടുത്തു. ഇബ്രഹിമ സോയുടെ പാസ് സ്വീകരിച്ചായിരുന്നു ഷഖീരിയുടെ ഫിനിഷ്.
ഈ ഗോളിനോട് നല്ല രീതിയിൽ ആണ് സെർബിയ പ്രതികരിച്ചത്. 6 മിനുട്ടുകൾക്ക് അകം സമനില ഗോൾ വന്നു. ടാഡിചിന്റെ ക്രോസിൽ നിന്ന് ഒരു മിട്രോവിച് ഹെഡർ. സ്കോർ 1-1. സെർബിയ അറ്റാക്ക് തുടർന്നു. 35ആം മിനുട്ടിൽ അവർ ലീഡും എടുത്തു. യുവന്റസ് സ്ട്രൈക്കർ വ്ലാഹോവിചിലൂടെ ആയിരിന്നു സെർബിയയുടെ രണ്ടാം ഗോൾ. സ്കോ 2-1. ഇതോടെ തൽക്കാലം ആയെങ്കിലും സെർബിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.
ആ ആശ്വാസം അധികം നീണ്ടു നിന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സ്വിസ് പട സമനില കണ്ടെത്തി. വിദ്മറിന്റെ പാസ് സ്വീകരിച്ച് എംബോളോ ആയിരുന്നു ഈ ഗോൾ നേടിയത്. ആദ്യ പകുതി 2-2.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിസ് പട ലീഡിലും എത്തി. 48ആം മിനുട്ടിൽ ഫ്രൂയിലരിന്റെ ഫിനിഷ് ആണ് സ്വിറ്റ്സർലാന്റിൽ 3-2ന് മുന്നിൽ എത്തിച്ചത്. ഈ വിജയത്തോടെ സ്വിറ്റ്സർലാന്റ് 6 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചു. അവർ പോർച്ചുഗലിനെ ആകും പ്രീക്വാർട്ടറിൽ നേരിടുക.