വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് സിഡ്നിയിൽ നടന്ന ഫൈനലിൽ യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിന്റെ വിജയം. ചരിത്രത്തിൽ ആദ്യമായാണ് സ്പെയിൻ വനിതാ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കുന്നത്. ആദ്യ പകുതിയിൽ ക്യാപ്റ്റൻ കാർമോണ ആണ് സ്പെയിന്റെ വിജയ ഗോൾ നേടിയത്.
ഇന്ന് തുടക്കം മുതൽ പന്ത് കൈവശം വെച്ച് കളിച്ച സ്പെയിൻ ആയിരുന്നു. എന്നാൽ മറുവശത്ത് ഇംഗ്ലണ്ട് നല്ല അവസരങ്ങളും സൃഷ്ടിച്ചു. ഇംഗ്ലണ്ടിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. 29ആം മിനുട്ടിൽ ആയിരുന്നു ഒൾഗ കാർമോണയുടെ ഗോൾ. മരിയ കാൾഡെന്റിയിൽ നിന്ന് പാസ് സ്വീകരിച്ച് തന്റെ ഇടം കാലു കൊണ്ട് കാർമോണ പന്ത് വലയിൽ എത്തിച്ചു. കാർമോണ സെമി ഫൈനലിലും സ്പെയിനായി ഗോൾ നേടിയിരുന്നു.
ഈ ഗോളിന് ശേഷം കളി നിയന്ത്രിക്കാൻ സ്പെയിനായി. ഇംഗ്ലണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ലോറൻ ജെയിംസിനെ കളത്തിൽ ഇറക്കി തീർത്തും അറ്റാക്കിലേക്ക് തിരിഞ്ഞു എങ്കിലും അവരുടെ നിരാശ തുടർന്നു.
65ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് സ്പെയിന് സമനില ലഭിച്ചു. ഹെർമോസോയുടെ പെനാൾട്ടി മേരി എർപ്സ് സേവ് ചെയ്തത് ഇംഗ്ലണ്ടിനെ കളിയിൽ നിർത്തി. ഇത് ഇംഗ്ലണ്ടിനു ഊർജ്ജം നൽകി. അവർ തുടർ ആക്രമണങ്ങൾ നടത്തി. എങ്കിലും സ്പെയിൻ സമ്മർദ്ദങ്ങളെ അതിജീവിച്ച് കിരീടത്തിലേക്ക് മാർച്ച് ചെയ്തു. മേരി എർപ്സിന്റെ മികച്ച സേവുകൾ ഇംഗ്ലണ്ടിന്റെ പരാജയ ഭാരം കുറക്കാനും സഹായകമായി.