ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനക്കാർ ആയതോടെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാലു തവണ ലോക ചാമ്പ്യന്മാർ ആയ ജർമ്മനി പുറത്ത്. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്ററിക്കയെ ജർമ്മനി 4-2 നു മറികടന്നു എങ്കിലും സ്പെയിൻ ജപ്പാനോട് 2-1 നു തോറ്റതോടെ ജർമ്മനി സ്പെയിനിന് പിന്നിൽ മൂന്നാം സ്ഥാനക്കാർ ആയി. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും ഏഷ്യൻ ടീമിനോട് തോറ്റു ജർമ്മനി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോയി. ജർമ്മൻ ആധിപത്യം ആണ് മത്സരത്തിൽ തുടക്കത്തിൽ കണ്ടത്. ഇടക്ക് കൗണ്ടർ അറ്റാക്കിലൂടെ കോസ്റ്ററിക്ക ന്യൂയറെ പരീക്ഷിക്കുന്നതും കാണാൻ ആയി.
മത്സരത്തിൽ പത്താം മിനിറ്റിൽ ഡേവിഡ് റോമിന്റെ ക്രോസിൽ നിന്നു സെർജ് ഗനാബ്രി വല ചലിപ്പിച്ചതോടെ ജർമ്മനി മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ ഇടക്ക് ജർമ്മൻ പ്രതിരോധം പരീക്ഷിച്ച കോസ്റ്ററിക്ക ശക്തമായ മുന്നറിയിപ്പ് അവർക്ക് നൽകി. ഇടക്ക് ന്യൂയറിന്റെ മികച്ച രക്ഷപ്പെടുത്തൽ അവർക്ക് തുണയായി. രണ്ടാം പകുതിയിൽ വാസ്റ്റണിന്റെ ഹെഡർ ന്യൂയർ തട്ടിയകറ്റി എങ്കിലും റീ ബൗണ്ട് ലഭിച്ച പന്ത് തെജെഡ 58 മത്തെ മിനിറ്റിൽ കോസ്റ്ററിക്കക്ക് സമനില നൽകി. 70 മത്തെ മിനിറ്റിൽ ജർമ്മനി ഒരിക്കൽ കൂടി ഞെട്ടി. ഇത്തവണ വർഗാസിന്റെ ഫ്ലിക് ന്യൂയറിന്റെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആയതോടെ ജർമ്മനി പിന്നിൽ പോയി.
ഈ സമയത്ത് ജർമ്മനി, സ്പെയിൻ രണ്ടു ടീമുകളും ലോകകപ്പിൽ നിന്നു പുറത്ത് പോവും എന്ന അവസ്ഥയിൽ ആയിരുന്നു. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ നിക്ലസ് ഫുൾകർഗിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ കായ് ഹാവർട്സ് ജർമ്മനിക്ക് സമനില ഗോൾ നൽകി. 85 മത്തെ മിനിറ്റിൽ ഇത്തവണ സെർജ് ഗനാബ്രിയുടെ പാസിൽ നിന്നു ഹാവർട്സ് രണ്ടാം ഗോളും നേടിയതോടെ ജർമ്മനി വീണ്ടും മുന്നിലെത്തി. 89 മത്തെ മിനിറ്റിൽ ലീറോയി സാനെയുടെ പാസിൽ നിന്നു ഫുൾകറുഗ് ഗോൾ നേടിയതോടെ ജർമ്മൻ ജയം പൂർത്തിയായി. ഗോൾ വ്യത്യാസത്തിൽ സ്പെയിൻ വളരെ മുന്നിൽ ആയതിനാൽ ജർമ്മനിക്ക് എത്ര വലിയ ജയം നേടിയാലും പ്രതീക്ഷ ഇല്ലായിരുന്നു.